ചെങ്ങാലിക്കോടന്‍
പത്തര പതിനൊന്നുമാസം മൂപ്പാണിതിന്. തുറസ്സായ ചെങ്കല്‍ കലര്‍ന്ന വെട്ടുകല്‍ പ്രദേശങ്ങളാണ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. തിരഞ്ഞെടുത്ത മാതൃവാഴയില്‍ നിന്നും ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീല്‍ വസ്തു. സാധാരണ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടണം. വാഴകള്‍ തമ്മിലും വരികള്‍ തമ്മിലും രണ്ടര മീറ്റര്‍ അകലം നല്കി ചാലുകളെടുത്തോ 75 സെ. മീ. വീതം നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്തോ ആണ് നടേണ്ടത്. ഏഴ്, ഏഴര മാസം മൂപ്പെത്തുമ്പോള്‍ വാഴ കുലക്കാന്‍ തുടങ്ങും.
നെടുനേന്ത്രന്‍
ചെങ്കല്‍ പ്രദേശങ്ങളില്‍ വിപുലമായി കൃഷിചെയ്യാവുന്ന ഈ ഇനത്തിന് 11 മാസം മൂപ്പുണ്ട്. നല്ല ഉയരത്തില്‍ വളരുന്ന ഇവക്ക് മൂപ്പെത്തിയാല്‍ നെടുകെ നീണ്ട് ഉരുണ്ടിരിക്കുന്ന കായകള്‍ മൂലമാണ് ഈ പേരുവന്നത്. ഇതിന്റെ പഴങ്ങള്‍ വളരെ സ്വാദിഷ്ഠമാണ്.
ആറ്റുനേന്ത്രന്‍
തീരപ്രദേശങ്ങളിലുള്ള അടയ്ക്കാതോട്ടങ്ങളിലും നെല്‍വയലുകളിലും കൃഷിചെയ്യാവുന്ന ഈ ഇനത്തിന് 12 മാസത്തിലേറെ മൂപ്പുണ്ട്. വണ്ണവും കരുത്തുമുള്ള വാഴത്തടയോടെ ഉയരത്തില്‍ വളരുന്ന ഈ വാഴകള്‍ക്ക് ഊന്നു നല്കണം. കായ്കള്‍ക്ക് നല്ല നീളവും വണ്ണവും എണ്ണവും ഉണ്ടായിരിക്കും.
ചങ്ങനാശ്ശേരി നേന്ത്രന്‍
മഴയെ മാത്രം ആശ്രയിച്ചു വളരുന്ന ഈയിനം വേനല്‍വാഴ, പൊടിവാഴ എന്ന പേരുകളിലും അറിയപ്പെടുന്നു. ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളിലും കൃഷിചെയ്യാവുന്ന ഇവ ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ നടാം. ജനുവരി മാസത്തോടെ കുല വെട്ടാന്‍ പാകമാവും. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിവുള്ള ഏകയിനം നേന്ത്രവാഴയാണിത്. മധുരവും രുചിയും കൂടുതലുള്ള പഴമാണിതിന്.
മഞ്ചേരിവാഴ / ചേറ്റുവാഴ
മുണ്ടകന്‍ നെല്‍വയലുകളില്‍ നെല്ല് കതിര് വരുമ്പോള്‍ നിശ്ചിത അകലത്തില്‍ വഴക്കന്നുകള്‍ ചേറില്‍ ചവിട്ടിത്താഴ്ത്തിയാണ് ഈയിനം നടുന്നത്. അതുകൊണ്ട് ഇതിന് ചേറ്റുവാഴയെന്നും പേരുണ്ട്. കൊയ്ത്ത് കഴിഞ്ഞ് വൈക്കോല്‍ കുറ്റികളും ചേറും ചേര്‍ത്ത് ബണ്ടുകളുണ്ടാക്കി അതിനുള്ളില്‍ വളം ഇട്ടുകൊടുത്തു വളര്‍ത്താം. നല്ല രീതിയില്‍ നോക്കിയാല്‍ 9 മാസത്തിനുള്ളില്‍ കുല വെട്ടാം.
മേട്ടുപാളയം
ആറ്റുനേന്ത്രന്‍ വാഴകള്‍ പോലെ വളരെ കരുത്തോടെ ഉയരത്തില്‍ വളരുന്ന ഈ വാഴയിനത്തിന്റെ കായ്കള്‍ക്ക് നല്ല വലുപ്പമുണ്ടാകും. കനംകൂടിയ തൊലിയോടുകൂടിയ പഴത്തിന്റെ ഉള്‍വശത്തിനു വെളുത്ത ചാരനിറമായിരിക്കും. നല്ല ഫലഭൂയിഷ്ഠമായ മണ്ണില്‍ കൂടുതല്‍ വിളവു ലഭിക്കും.
കാളിയേത്തന്‍
നെല്‍വയലുകളില്‍ വിപുലമായി കൃഷിചെയ്യുന്ന ഈ ഇനത്തിന് ഒമ്പതര മാസമാണ് മൂപ്പ്. നനവാഴക്കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ഞെട്ടിനു ബലം കുറവായതിനാല്‍ കായ് മൂപ്പെത്തിപ്പഴുക്കുമ്പോള്‍ തൂങ്ങിക്കിടക്കാന്‍ ഇടയുള്ളതിനാല്‍ കടകളില്‍ തലകീഴായി തൂക്കിയിട്ടാണ് വില്പന നടത്തുന്നത്. പഴങ്ങളുടെ കാമ്പിന് കട്ടി കൂടുതലായിരിക്കും.
മിന്റോളി (ക്വിന്റല്‍ വാഴ)
ആഫ്രിക്കന്‍ നാടുകളില്‍ നിന്നുമുള്ള ജിയാന്റ് പ്ലാന്റെയിന്‍ എന്നയിനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണിത്. വലുപ്പം കൂടുതലുള്ള ഇതിന്റെ മൂപ്പ് 18 മാസമാണ്. ധാരാളം ജൈവവളം നല്കി കൃഷിചെയ്താല്‍ നല്ല വിളവെടുപ്പ് കിട്ടും. മേല്‍പടലകളിലെ കായ്കള്‍ പൂര്‍ണവലിപ്പം പ്രാപിക്കുമ്പോള്‍ അടിപടലകളിലെ കായ്കള്‍ ദശകൊണ്ടു നിറയാറില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. കായ്കളുടെ തൊലിക്ക് കട്ടികൂടുതലായിരിക്കും. മാംസളമായ പഴത്തിന്റെ ദശയ്ക്ക് കട്ടി കുറവും വെളുത്ത നിറവുമാണ്. മൂപ്പത്തിയ കായ്കളുടെ തൊലിക്ക് 3 ഏണുകള്‍ ഉണ്ടായിരിക്കും.
|