2016 Feb 03 | View Count:
378
| കൊയിലാണ്ടി-താമരശ്ശേരി റൂട്ടില്‍ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച നടത്തിയ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. രാവിലെ സാധാരണപോലെ ഓടിയ ബസുകള്‍ പത്തരയോടെ പൊടുന്നനെ സര്‍വിസ് നിര്‍ത്തിവെക്കുകയായിരുന്നു. ഫെയര്‍ വേജസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയന്‍ ഫെബ്രുവരി ഒന്ന് മുതല്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തൊഴിലാളി യൂനിയന്‍ ഭാരവാഹികളും ബസ് ഉടമകളും കൊയിലാണ്ടിയില്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുകയും സമരം പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബസിലെ നാല് തൊഴിലാളികള്‍ക്കും പുതുക്കിയ ആനുകൂല്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് തുടങ്ങിയത്.
ഈ റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യബസിലെ മൂന്നു ജീവനക്കാര്‍ക്കു മാത്രമേ പുതുക്കിയ ആനുകൂല്യം നല്‍കാന്‍ ഉടമ തയാറായുള്ളൂ എന്ന് പറഞ്ഞാണ് തൊഴിലാളികള്‍ പലയിടങ്ങളിലായി ബസുകള്‍ തടഞ്ഞിട്ടത്.
മോട്ടോര്‍വാഹന നിയമപ്രകാരം പരമാവധി മൂന്നു പേര്‍ക്കേ ഫെയര്‍ വേജസ് നടപ്പാക്കാന്‍ നിയമമുള്ളൂ എന്നും അതുപ്രകാരമാണ് കൊയിലാണ്ടിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായതെന്നും നാലാമത്തെ തൊഴിലാളിക്ക് ഇത് നല്‍കാന്‍ വ്യവസ്ഥയില്ളെന്നുമാണ് ബസ് ഓപറേറ്റേഴ്സ് കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡന്‍റ് അരമന രഘു പറഞ്ഞത്.
അതേസമയം, ചൊവ്വാഴ്ച നടന്ന മിന്നല്‍ പണിമുടക്കിന് തങ്ങള്‍ ആഹ്വാനം ചെയ്തിട്ടില്ളെന്നും നിലവിലുള്ള എല്ലാ തൊഴിലാളികള്‍ക്കും പുതുക്കിയ വേതനം നല്‍കാനാണ് ചര്‍ച്ചയില്‍ എടുത്ത തീരുമാനമെന്നും പ്രൈവറ്റ് ബസ് ഫെഡറേഷന്‍ (സി.ഐ.ടി.യു) ജില്ലാ ട്രഷറര്‍ ബി.ആര്‍. ബെന്നി പറഞ്ഞു. ഇന്നു മുതല്‍ ബസ് ഓടിക്കാന്‍ നിര്‍ദേശം നല്‍കിയതായും എല്ലാ തൊഴിലാളികളോടും പുതുക്കിയ വേതനം കൈപ്പറ്റാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇത് ബസ് ഉടമകള്‍ അംഗീകരിക്കാതിരുന്നാല്‍ റൂട്ടില്‍ വീണ്ടും പണിമുടക്ക് ഉണ്ടായേക്കുമെന്നാണ് സൂചന.
ഈ റൂട്ടിലെ ഭൂരിപക്ഷം തൊഴിലാളികളും ഒരു യൂനിയനിലും അംഗത്വം ഇല്ലാത്തവരാണെന്നാണ് സൂചന.
ഇവരാണ് ചൊവ്വാഴ്ചത്തെ പണിമുടക്കിന് നേതൃത്വം കൊടുത്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബസ് ഉടമകളും യൂനിയന്‍ നേതൃത്വവും അറിയാതെ നടക്കുന്ന മിന്നല്‍ പണിമുടക്ക് ഈ റൂട്ടില്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
|
| Posted by : admin, 2016 Feb 03 04:02:07 am |