2016 Jan 26 | View Count: 472

വാഗ്‌ദാനം നല്‍കുന്നതിലല്ല, അത്‌ പാലിക്കുന്നതിലാണ്‌ മികവെന്ന്‌ കോഴിക്കോടിലെ കളക്‌ടര്‍ ബ്രോ വീണ്ടും തെളിയിച്ചു. നാട്ടിലെ വമ്പന്‍ കുളം വൃത്തിയാക്കുന്നവര്‍ക്ക്‌ ബിരിയാണി വാഗ്‌ദാനം ചെയ്‌ത കോഴിക്കോട്ടെ കളക്‌ടര്‍ എന്‍ പ്രശാന്ത്‌, കുളം വൃത്തിയാക്കിയ നാട്ടുകാര്‍ക്ക്‌ ബിരിയാണി നല്‍കി വാക്കുപാലിക്കുകയും ചെയ്‌തു.

ജലസമ്പത്ത്‌ സംരക്ഷിക്കുന്നതിനെക്കുറിച്ചും നാടുകളില്‍ ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ചിറകളെക്കുറിച്ചും കളക്‌ടര്‍ എന്‍ പ്രശാന്ത്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഫേയ്‌സ്ബുക്കില്‍ പോസ്‌റ്റിട്ടിരുന്നു. കുളം വൃത്തിക്കാന്‍ രംഗത്തിറങ്ങുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ചിലവില്‍ ബിരിയാണി വാങ്ങിത്തരുമെന്നും കളക്‌ടര്‍ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിലൂടെ അറിയിച്ചിരുന്നു.

ജനകീയ കളക്‌ടറുടെ ബിരിയാണി വാഗ്‌ദാനം ഏറ്റെടുത്താണ്‌ കോഴിക്കോട്‌ കൊല്ലം പിഷാരിക്കാവ്‌ നിവാസികള്‍ വര്‍ഷങ്ങളായി പായലും ചെളിയും നിറഞ്ഞ്‌ ഉപയോഗശൂന്യമായിക്കടന്നിരുന്ന ചിറ വൃത്തിയാക്കിയത്‌. 14 ഏക്കര്‍ വിസ്‌തീര്‍ണ്ണമുളള ചിറയാണ്‌ നാട്ടുകാര്‍ ചേര്‍ന്ന്‌ വൃത്തിയാക്കിയത്‌. കുളം കോരിയവര്‍ക്ക്‌ മുന്‍പ്‌ പ്രഖ്യാപിച്ചിരുന്നത്‌ പോലെ ബിരിയാണി വാങ്ങിക്കൊടുക്കാന്‍ കളക്‌ടറും മറന്നില്ല. ചിറക്ക്‌ സമീപം തന്നെ കലവറയൊരുക്കി കുളംകോരാന്‍ നേതൃത്വം കൊടുത്തവര്‍ക്ക്‌ നല്ല അസല്‍ കോഴിക്കോടന്‍ ബിരിയാണിയാണ്‌ കളക്‌ടര്‍ ബ്രോ ഉണ്ടാക്കിക്കൊടുത്തത്‌.

Posted by : admin, 2016 Jan 26 12:01:47 pm