2016 Jan 03 | View Count: 561

ഒരു തരിമ്പു പോലും തെളിവു അവശേഷിപ്പിക്കാതെ മുഖം കത്തിച്ചു നടത്തിയ മങ്കയം കൊലപാതകം അന്വേഷണ ഉദ്യോഗസ്ഥർക്ക് വൻ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ പത്തു ദിവസം പല വിധ അന്വേഷണം നടത്തിയെങ്കിലും ഒരു പുരോഗതിയും ഇല്ലാതിരിക്കുമ്പോഴാണ് നാട്ടുകാരിൽ നിന്ന് ഇതു വഴി കടന്നു പോയവരിൽ നിന്നും ചില സൂചനകൾ ലഭിക്കുന്നത്.ഇതിൽ പ്രധാനം കഴിഞ്ഞ 20ന് രാത്രി ഒരു വെള്ള കാറിൽ രാത്രി ഒൻപതരയോടെ മൂന്നു പേരെ മരുതിൻ ചുവട് ഭാഗത്തു കണ്ടെന്നതായിരുന്നു. അതോടെയാണ് കൊല്ലപ്പെട്ടയാൾ മലയാളിയാകുമെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നത്.ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ വിളികളുടെ വിവരം ശേഖരിച്ചിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഈ വഴിക്ക് മുന്നേറാനായില്ല. പിന്നീടാണ് അന്നു ടവർ പരിധിയിലൂടെ കടന്നു പോയ ഒരു നമ്പർ തുടർച്ചയായി ഓഫാണെന്ന് കണ്ടെത്തിയത്. ഈ നമ്പർ രാജന്റേതായിരുന്നു. നരിക്കുനിയിൽ നിന്ന് പത്തു ദിവസം മുൻപ് ഒരാളെ കാണാതായെന്ന കൃത്യമായ വിവരം പൊലീസിന് ലഭിക്കുന്നത് കഴിഞ്ഞ 31നാണ് .പിന്നീട് ഇയാളെ കുറിച്ചുള്ള അന്വേഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.കാണാതായ ആളും ഓഫായ ഫോൺ നമ്പറും തമ്മിൽ ബന്ധപ്പെടുത്തി നടത്തിയ അന്വേഷണം വഴിത്തിരിവായി.പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിഗമന പ്രകാരം 25നും മുപ്പതിനും ഇടയിൽ‌ പ്രായമായിരുന്നു മൃതദേഹത്തിന് കണക്കാക്കിയിരുന്നത്. കൊല്ലപ്പെട്ട രാജന് 44 വയസായിരുന്നു പ്രായം.പ്രായം തോന്നിക്കാത്ത ശരീരപ്രകൃതമായിരുന്നു രാജന്റേതെന്നു പിന്നീടുള്ള അന്വേഷണത്തിൽ ‍വ്യക്തമായി.എന്നാൽ മൃതദേഹം തന്റെ ഭർത്താവിന്റേതല്ലെന്ന് ഭാര്യ ഷീബ ഉറപ്പിച്ചു പറഞ്ഞ ഘട്ടത്തിൽ ഡിഎൻഎ പരിശോധന നടത്തുന്നതിനടക്കം അന്വേഷണ ഉദ്യോഗസ്ഥർ തയാറായിരുന്നു. മൃതദേഹത്തിലെ തിരിച്ചറിയൽ അടയാളങ്ങൾ കണ്ട ബന്ധുക്കൾ മൃതദേഹം രാജന്റേതെന്നു തന്നെ ഉറപ്പിച്ചു. ഇതിൽ പ്രധാനം ഒരു കൈ വിരൽ ഭാഗം മുറിഞ്ഞതായിരുന്നു. കല്ലു വെട്ടു തൊഴിലാളിയായ രാജന് പണിക്കിടെ സംഭവിച്ച അപകടത്തിലാണ് വിരൽ മുറിഞ്ഞതെന്ന് വ്യക്തമായി. രാജന്റെ മൊബൈൽ ഫോൺ നേരത്തെ നഷ്ടമായെന്നും ഇപ്പോൾ ഫോണില്ലെന്നും ഭാര്യ പറഞ്ഞത് കള്ളമാണെന്നും തുടർ അന്വേഷണത്തിൽ വ്യക്തമായി.

രാജൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കണ്ടെത്തിയ പൊലീസ് ഈ ഫോൺ 20ന് രാത്രി 10.40നാണ് ഓഫായതെന്ന് മനസിലാക്കി.കൊല്ലപ്പെടുന്നതിനു തൊട്ടടുത്ത ദിവസങ്ങളിൽ ഈ നമ്പറിൽ നിന്ന് വിളിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ് അവരുമായി ബന്ധപ്പെട്ടു. അവരെയെല്ലാം വിളിച്ചത് രാജൻ തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായി.പണി ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് രാജൻ ‍നാട്ടുകാരെ വിളിച്ചിരുന്നത്. കൊല്ലപ്പെട്ടത് രാജനാണെന്നു ഉറപ്പിച്ച പൊലീസ് സംഘം എന്തിനാണ് കൊലപ്പെടുത്തിയതെന്ന തലത്തിലേക്ക് അന്വേഷണം ദീർഘിപ്പിച്ചതോടെയാണ് ഭാര്യ ഷീബയും ജ്യേഷ്ഠ സഹോദരന്റെ മകൻ ലിബിനും സുഹൃത്ത് വിപിനും കോമരം സദാനന്ദനും പിടിയിലാകുന്നത്.

ആദ്യമെല്ലാം കുറ്റങ്ങൾ നിഷേധിച്ച ഭാര്യയടക്കമുള്ള പ്രതികൾ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി. ശബരി മല തീർത്ഥാടനത്തിനു പോകുന്ന അമ്മയെ യാത്രയാക്കുന്നതിനായി പോയ ഷീബ 23നാണ് മടങ്ങി കൽക്കുടുമ്പിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം പൊലീസ് എത്തി ഈ വീട് പൂട്ടുകയായിരുന്നു.മുൻപ് രണ്ടു തവണ രാജനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് രാജനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇത് അന്നേ ദുരൂഹത ഉയർത്തിയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഏറെ ശ്രമകരമായിരുന്ന ഈ കൊലപാതക കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രിക്ക് ഐജി ശുപാർശ നൽകിയിട്ടുണ്ട്.

വിവിധ ടീമുകളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിൽ ബാലുശേരി, കാക്കൂർ, കൊയിലാണ്ടി, മുക്കം, കൊടുവള്ളി സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സിഐ: കെ.കെ.വിനോദൻ, എഎസ്ഐമാരായ ഷാജി, വി.കെ.സുരേഷൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്,സുനിൽ കുമാർ, ബിജു, ഷിബിൽ ജോസഫ്, ഗിരീഷ്, സിപിഒമാരായ റിനീഷ്, സുരാജ്, റഷീദ്,ബിജീഷ്, ഹോം ഗാർഡ് രജീന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.പ്രതികളെ എത്തിച്ചതോടെ സ്റ്റേഷനു മുൻപിൽ വൻ ജനാവലി തടിച്ചു കൂടി. അന്വേഷണ ഉദ്യോഗസ്ഥരെ ജനം അഭിനന്ദിച്ചു.
                                   

              

Posted by : admin, 2016 Jan 03 03:01:40 am