മങ്കയം കൊലപാതകം. പ്രതികൾ പിടിയിൽ
കോഴിക്കോട് ∙ കിനാലൂർ റബർ എസ്റ്റേറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജന്റെ ഭാര്യയും സഹോദര പുത്രനും ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജന്റെ ഭാര്യയെ സ്വന്തമാക്കാൻ സഹോദരന്റെ പുത്രനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രാജന്റെ ഭാര്യയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാൻ കഴിയാതെ നട്ടംതിരിയുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് കേസിലെ നിർണായക വഴിത്തിരിവ് സൈബർസെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ടവർ ലൊക്കേഷൻ പരിധിയിലുള്ള ഫോൺ നമ്പറുകളിൽ ഒന്ന് രാജന്റേതായിരുന്നു. വീട്ടിൽ വിളിച്ചന്വേഷിച്ചപ്പോൾ രാജൻ ജോലിക്ക് പോയെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇത്രയും ദിവസമായിട്ടും മടങ്ങി വരാതിരുന്നതിനെ പറ്റി അന്വേഷിച്ചില്ലേ എന്നു ചോദിച്ചപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. രാജന്റെ ജ്യോഷ്ഠന്റെ പുത്രനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഈ യുവാവും രാജന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവർക്കും ഒന്നിച്ചു ജീവിക്കാൻ വേണ്ടി രാജനെ ഒഴിവാക്കാൻ തീരുമാനിച്ചു. യുവാവും കൂട്ടുകാരും രാജനെയും കൂട്ടി റബ്ബർ എസ്റ്റേറ്റിൽ മദ്യപിക്കാൻ പോയി. അവിടെ വച്ച് രാജന് മദ്യം നൽകിയശേഷം തലക്കടിച്ച് വീഴ്ത്തി. അബോധവാസ്ഥയിലായ രാജനെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം 21നാണു കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുഖം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്തു നിന്നു മുക്കാൽ കിലോമീറ്റർ മാറി രക്തത്തുള്ളികളും മുളകുപൊടിയും കണ്ടെത്തിയിരുന്നു. | |
Posted by : admin, 2016 Jan 02 01:01:30 am |