2015 Dec 24 | View Count:
548
| മങ്കയം നെട്ടുംപാറചാലില്‍ യുവാവ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല നടന്ന മങ്കയം പ്രദേശത്തെ ജനങ്ങളേയും അന്യസംസ്‌ഥാന തൊഴിലാളികളേയും പൊലീസ് ചോദ്യം ചെയ്‌തുവെങ്കിലും തുമ്പൊന്നും കണ്ടെത്തിയില്ല.
സംസ്‌ഥാനത്ത് കാണാതായവരെക്കുറിച്ചുള്ള വിവര ശേഖരണത്തിനായി മുഴുവന്‍ പോലീസ് സേ്‌റ്റഷനുകളുമായി അന്വേഷണ സംഘം ഇതിനകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്.
കൊല നടന്ന പരിസരം ജനവസാമില്ലാത്തതും കാടുമൂടിയതുമാണ് പോലീസിനെ ഏറെ കുഴക്കുന്നത്. പ്ലാന്റേഷന്‍ പ്രദേശമായ ഇവിടെ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ അപരിചിതര്‍ വരാറുണ്ടെന്നാണ് നാട്ടൂകാര്‍ പറയുന്നത്. മദ്യപാനം, പണം വെച്ചുള്ള ശീട്ടുകളി,അനാശാസ്യ പ്രവര്‍ത്തനം ഇവയെല്ലാം നടക്കുന്ന പ്രദേശമാണിത്. ലക്ഷക്കണക്കിന് രൂപ വെച്ചാണത്ര ശീട്ടുകളി നടക്കാറ്. ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും വാഹനങ്ങളില്‍ ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നതായും നാട്ടൂകാര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ആളുകളെ കണ്ടാല്‍ തന്നെ ജീവഭയം കാരണം നാട്ടുകാരോ നിയമപാലകരെയോ എക്‌സൈസ് വകുപ്പിനെയോ അറിയിക്കാന്‍ അമാന്തം കാണിക്കുന്നു. മിക്ക മൊബൈല്‍ ഫോണുകള്‍ക്കും ഇവിടെ റെയ്‌ഞ്ചില്ല. ഈ അനുകൂലസാഹചര്യം മാഫിയകള്‍ക്ക് മുതല്‍ക്കൂട്ടാണ്. ഇതിനൊക്കെ പുറമെ ക്വാറി മാഫിയ, മണല്‍ മാഫിയ, മദ്യമാഫിയ സംഘവും ഇവിടെ സജീവമാണ്. 2009 ല്‍ ആമിന ഉമ്മയെന്ന വയോധിക ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ചസംഭവം മങ്കയം നിവാസികളുടെ ഉറക്കം കെടുത്തിയിരുന്നു.
ഏകദേശം സമാന രീതിയിലാണ് തിങ്കളാഴ്‌ച കൊലചെയ്യപ്പെട്ട യുവാവിന്റെ ശരീരഭാഗങ്ങള്‍ കത്തികരിഞ്ഞതും. ആമിന ഉമ്മയുടെ കൊലപാതകത്തിന്റെ ഘാതകരെ കണ്ടെത്താന്‍ കഴിഞ്ഞത് ഏറെ കാലത്തിന് ശേഷമായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ബാലുശേരി മുക്കില്‍ അന്യസംസ്‌ഥാന തൊഴിലാളി ഇന്‍ഡസ്‌ട്രിയല്‍ സ്‌ഥാപനത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടരിന്നു. ഇതൊരു കൊലപാതകമാണെന്നാണ് നാട്ടൂകാര്‍ അന്നേ ആരോപിച്ചിരുന്നു. ബാലുശേരി മുക്കിലെ ബസ്സ് കണ്ടക്‌ടര്‍ അറപ്പീടികക്കടുത്ത് വെച്ച് അഞ്‌ജാത വാഹനമിടിച്ച് മരണപ്പെട്ട സംഭവത്തിന്റെ ദുരൂഹതയും അനന്തമായി നീളുകയാണ്. ശീട്ടുകളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണോ, മദ്യപസംഘമാണോ കൊലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് നാട്ടുകാരുടെ സംശയം.
സംഭവ സ്‌ഥലത്ത് നിന്നും കണ്ടെത്തിയ കന്നാസും,മുളക് പൊടിയും, മദ്യവും ഒരു ആസൂത്രിത കൊലപാതകത്തിലേക്കാണ് വെളിച്ചം വീശുന്നതെന്നാണ് അഭിപ്രായം.
നല്ലരീതിയില്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച ഈ യുവാവ് ഇവിടെ എങ്ങിനെ എത്തിപ്പെട്ടുവെന്നുള്ളതും നാട്ടുകാരേ പോലെത്തന്നെ പോലീസിനെയും കുഴക്കുന്നു. ബാലുശേരി സി.ഐ കെ.കെ.വിനോദ് കുമാറും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
|
| Posted by : admin, 2015 Dec 24 11:12:31 pm |