2015 Dec 24 | View Count:
488
| ബാലുശേരി മങ്കയത്ത് പാതി കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം സംബന്ധിച്ചുള്ള ദുരൂഹത നീങ്ങിയില്ല. മരിച്ച യുവാവിനെ കുറിച്ച് യാതൊരു വിവരവും പോലീസിനു കണ്ടെത്താനായിട്ടില്ല.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലും റൂറല്‍ പോലീസ് പരിധിയിലുമുള്ള പോലീസ് സ്‌റ്റേഷനുകളിലും രജിസ്‌റ്റര്‍ ചെയ്‌ത മിസിങ് കേസുകള്‍ പരിശോധിച്ചിരുന്നു.
എന്നാല്‍ കണ്ടെത്തിയ മൃതദേഹവുമായി സാമ്യതയുള്ള മിസിങ് കേസുകളൊന്നും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. കോഴിക്കോട് ജില്ലയ്‌ക്കു പുറമേ മറ്റു ജില്ലകളിലേക്കും പോലീസ് വിവരങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍ കത്തിക്കരിഞ്ഞ മൃതദേഹവുമായി ബന്ധപ്പെട്ടുള്ള യാതൊരു സൂചനകളും മറ്റു ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ലഭിച്ചിട്ടില്ല. അതേസമയം മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ ഓരേക്കറോളം കുറ്റിക്കാട്ടില്‍ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. അതേസമയം കൊലനടന്ന ദിവസങ്ങളില്‍ ഈ പ്രദേശത്തെ ടവര്‍ ലൊക്കേഷനിലെ ഡംപ് കോളുകള്‍ പോലീസ് പരിശോധിക്കാന്‍ ആരംഭിച്ചു. പോസ്‌റ്റ്മോര്‍ട്ട് റിപ്പോര്‍ട്ടിലെ സൂചനകള്‍ അനുസരിച്ചു മരിച്ചതു മലയാളി തന്നെയാണെന്ന നിഗമനത്തിലാണു പോലീസ്.
മുകളിലെ വരിയിലെ പല്ലുകളിലൊന്ന് കൃത്രിമമായി ഘടിപ്പിച്ചതാണ്. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളും ഫൊറന്‍സിക് പരിശോധനയും അനുസരിച്ചു തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം മുഖം കത്തിച്ചതാണെന്നാണ് വിലയിരുത്തല്‍.പൊള്ളലേറ്റാണ് യുവാവ് മരിച്ചിട്ടുള്ളത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധനയില്‍ കേസ് സംബന്ധിച്ച തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 25 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം തിങ്കളാഴ്‌ചയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.മൃതദേഹം കണ്ടെത്തിയ ഭാഗത്തു നിന്നു മുക്കാല്‍ കിലോമീറ്റര്‍ മാറി രക്‌തത്തുള്ളികളും മുളകുപൊടിയും കണ്ടെത്തിയിരുന്നു. ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കിടയില്‍ ആരെയെങ്കിലും അടുത്ത ദിവസങ്ങളില്‍ കാണാതായിട്ടുണ്ടോ എന്നതു സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്.ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മുഖം കത്തികരിഞ്ഞ നിലയില്‍ റബര്‍തോട്ടത്തില്‍ കാണപ്പെട്ട മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് വിദഗ്‌ദര്‍ സ്‌ഥലത്തെത്തി. കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ജനവാസമില്ലാത്ത കാടുമൂടിക്കിടക്കുന്ന സ്‌ഥലത്ത് യുവാവിന്റെ മുഖം കത്തികരിഞ്ഞനിലയില്‍ ടാപ്പിങ്ങ് തൊഴിലാളികള്‍ കണ്ടത്. ഇന്നലെ കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐ കീര്‍ത്തി ബാബുവും സംഘവും മൃതദേഹം കിടന്ന സ്‌ഥലം പരിശോധിച്ചു.സ്വമേധയാ പരാതിയില്ലാതെ അന്വേഷണം നടത്താമെന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ബുധനാഴ്‌ച മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ.രജീഷും,കൃഷ്‌ണകുമാറും സ്‌ഥലം പരിശോധിച്ചിരുന്നു. ഡോഗ് സ്‌കോഡും പരിശോധനയ്‌ക്കുണ്ടായിരുന്നു. ഇതിനിടെ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ബാലുശേരി സി.ഐ.കെ.കെ.വിനോദിന്റെ നേതൃത്വത്തില്‍ മൃതദേഹം കിടന്നിരുന്ന പരിസര പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കാടുകള്‍ വെട്ടിതെളിച്ചു. സംസ്‌ഥാനത്തെ മുഴുവന്‍ കുറ്റാന്വേഷണ ടീമിനും അന്വേഷണ സ്‌കോഡ് വിവരങ്ങള്‍ കൈമാറുന്നുണ്ട്.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. ഒരു ടവര്‍പ്രദേശത്തെ നെറ്റ് മോണിറ്റര്‍ വെച്ച് ഈ പരിധിയിലെ ഫോണ്‍കൊളുകള്‍ മുഴുവന്‍ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട് ഇതിനായി സൈബര്‍ വിദഗ്‌ദരുടെ സേവനം തേടിയിട്ടുണ്ട്. മുഖം കത്തിക്കരിഞ്ഞ യുവാവിന്റെ ശരീരത്തിലെ മൂന്ന് തിരിച്ചറിയല്‍ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുകള്‍ വരിയിലെ ഒരു പല്ല് വെപ്പ് പല്ലാണ്. വലത് കൈവിരലിലെ നഖം മുറിഞ്ഞുപോയനിലയിലാണ്. സ്‌ഥലത്ത് പോലീസ് ഇപ്പോഴും കാവല്‍ തുടരുകയാണ്.
|
| Posted by : admin, 2015 Dec 24 11:12:31 pm |