2015 Dec 02 | View Count: 475

വാട്സ്ആപ് ഗ്രൂപ്പിലെ വിവാദചിത്രവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായി ആത്മഹത്യചെയ്ത പൊലീസുകാരന്‍ നിര്‍മല്ലൂര്‍ സ്വദേശി എ.പി. ഷാജിയുടെ സസ്പെന്‍ഷന്‍ നടപടി തിടുക്കത്തിലായിരുന്നുവെന്ന് ഷാജിക്ക് കിട്ടിയ സസ്പെന്‍ഷന്‍ ഓര്‍ഡറും വ്യക്തമാക്കുന്നു.കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി പി.എ. വത്സന്‍ ഐ.പി.എസ് ഇറക്കിയ സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ വിവാദചിത്ര പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പാറോപ്പടി പത്മശ്രീ വീട്ടില്‍ രാജു ടി. മേനോന്‍ പരാതി നല്‍കിയിട്ടുള്ളത് 26.11.15നാണ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്നുതന്നെയാണ് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ഇഷ്യൂ ചെയ്തിട്ടുള്ളതും. 25ന് നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് 26ന് വീട്ടിലത്തെിയ ഷാജിയെ വൈകീട്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് രാത്രി ഏഴോടെ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരു വിശദീകരണവും ഷാജിയോട് ചോദിക്കാതെയാണ് മേലുദ്യോഗസ്ഥര്‍ ഷാജിക്കെതിരെ നടപടി കൈക്കൊണ്ടിട്ടുള്ളതെന്ന് സസ്പെന്‍ഷന്‍ ഓര്‍ഡറും വ്യക്തമാക്കുന്നുണ്ട്.27ന് രാവിലെ ഭാര്യ ജോലിക്ക് പോയതിനുശേഷം തനിച്ച് വീട്ടിലിരുന്ന ഷാജി അന്നത്തെ പത്രത്തില്‍ തന്‍െറ സസ്പെന്‍ഷന്‍ വാര്‍ത്തയും വന്നതോടെ കൂടുതല്‍ അസ്വസ്ഥനാവുകയായിരുന്നു. വാര്‍ത്ത നാട്ടില്‍ മുഴുവന്‍ പരക്കുമെന്നായതോടെ താന്‍ ഇതുവരെ കെട്ടിപ്പടുത്ത വ്യക്തിത്വംപോലും നഷ്ടമാകുമെന്ന ആകുലത ഷാജിയെ ആത്മഹത്യയിലത്തെിക്കുകയായിരുന്നു. തലേന്ന് സന്ധ്യയോടെ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കൈപ്പറ്റുന്നതിനുമുമ്പേ ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ക്ക് കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഷാജി തന്‍െറ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.നടപടി ഉണ്ടാകുമെന്നറിഞ്ഞപ്പോള്‍തന്നെ ഇത് മാധ്യമങ്ങള്‍ക്ക് നല്‍കി കുടുംബജീവിതം തകര്‍ക്കരുതെന്ന് ഷാജി താണുകേണപേക്ഷിച്ചതായും പറയുന്നുണ്ട്. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് നടപടികള്‍ക്ക് മേലുദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയത്. സ്പെഷല്‍ ബ്രാഞ്ച് എസ്.പി പി.ടി. ബാലന്‍, അസി. കമീഷണര്‍ പി.എ. വത്സന്‍ എന്നീ ഉദ്യേഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കിയ രാജു ടി. മേനോനെതിരെയും നടപടിയെടുത്താല്‍ മാത്രമേ തന്‍െറ ഭര്‍ത്താവിന്‍െറ ആത്മാവിന് ശാന്തി കിട്ടുകയുള്ളൂയെന്നാണ് ഷാജിയുടെ ഭാര്യ മഞ്ജു ആഭ്യന്തരമന്ത്രിയോട് പറഞ്ഞത്.

Posted by : admin, 2015 Dec 02 12:12:23 am