2014 Sep 10 | View Count:
454
| സിട്രസ് ഓറാന്റിഫോളിയ (Citrus Aurantifolia Christm) എന്നാണ് ചെറുനാരകത്തിന്റെ ശാസ്ത്രനാമം. ഏതാണ്ട് രണ്ടുമീറ്റര്‍ നീളത്തില്‍ വളരുന്ന മുള്ളോടുകൂടിയ വൃക്ഷമാണ് ചെറൂനാരകം. വെളുത്ത ചെറുപൂവുകള്‍ക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോള്‍ മഞ്ഞനിറവുമാണ്. പഴുത്തകായ ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പേരില്‍ ചെറുനാരങ്ങ എന്നറിയപ്പെടുന്ന ഈ ഫലം ഔഷധസമൃദ്ധിയുടെ കാര്യത്തില്‍ വളരെ വലിയൊരു ഫലമാണ്. ആയുര്‍വ്വേദത്തില്‍ സമാനതകളില്ലാത്ത ഒരു ഫലമാണ്. ഹിന്ദുക്കള്‍ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി യുടെ കലവറയുംഔഷധഗുണമുള്ള ഒരു ലഘുഫലവുമാണ് ചെറുനാരങ്ങ.
ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. നാരങ്ങാവെള്ളം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്. നാരങ്ങാനീരില്‍ തുളസിയില അരച്ച് മുറിവില്‍ മൂന്നുനേരം പുരട്ടിയാല്‍ തേള്‍ കുത്തിയ മുറിവും നീരും വേദനയും മാറും. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെനീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രക്തശുദ്ധി, ജലദോഷം,തൊണ്ടവേദന, മലശോധന, രക്തപ്രസാദം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു. നമ്മുടെ സാധാരണ ഉപയോഗങ്ങള്‍ക്കുപുറമെ ഭക്ഷണഡിഷുകള്‍ അലങ്കരിക്കുവാനും ഫ്രൂട്ട്ജെല്ലി, ഫര്‍ണിച്ചര്‍ പോളിഷ് എന്നിവ ഉണ്ടാക്കുവാനും നാരങ്ങ ഉപയോഗിക്കുന്നു.
69) മുത്തങ്ങ
അരയടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. സൈപ്പെറസ് റോട്ടുന്‍ഡസ് (Cyperus Rotundus Lin.) എന്നാണ് മുത്തങ്ങയുടെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ നട്ട്ഗ്രാസ്സ് (Nut grass) എന്നും പറയുന്നു. നനവും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന സസ്യമാണിത്. ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുകയും പതിവുണ്ട്. 15-20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താല്‍ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചുകഴിച്ചാല്‍ വയറുകടിയും വയറിളക്കവും മാറും. മുത്തങ്ങ മോരില്‍ അരച്ചു കുഴമ്പാക്കി പുരട്ടിയാല്‍ കഴുത്തിലുണ്ടാകുന്ന കുരുക്കള്‍ ശമിക്കുന്നതാണ്.
|
| Posted by : admin, 2014 Sep 10 02:09:30 pm |