| ഫലവര്‍ഗ്ഗവിളയായ പപ്പായ ഔഷധച്ചെടികൂടിയാണ്. കാരിക്കേസി കുടുംബത്തില്‍ പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തില്‍ ധാരാളമായി പെക്റ്റിന്‍, സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു
ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, തക്കാളി ഇവയേക്കാള്‍ ഫലമുള്ള ഈ പഴങ്ങള്‍ക്ക് വിലകല്പിക്കാതെകാക്ക തിന്നുപോവുകയാണ്. ഈ പഴം കണ്ണിന് വളരെ നല്ലതാകയാല്‍ കുട്ടികള്‍ക്ക് കൊടുക്കാം. കുട്ടികള്‍ക്ക് വിറ്റാമിന്‍ എ സുലഭമായി ലഭിക്കുന്ന ഏക പഴമാണ് പപ്പായ. ഏത്തക്കായില്‍ ഉള്ളതിന്റെപത്തിരട്ടി വിറ്റാമിന്‍ എ കപ്ലങ്ങാ പഴത്തില്‍ അടങ്ങിയിരിക്കുന്നു. രണ്ടുമാസം പ്രായമായ കുട്ടിക്കു ഒരു സ്പൂണ്‍ പഴത്തോടൊപ്പം ഒരു സ്പൂണ്‍ പശുവിന്‍ പാലോ ഒരു ടീസ്പൂണ്‍ കടലപ്പാലോ (തേങ്ങാ പാലോ) ചേര്‍ത്ത് അഞ്ചുതുള്ളി തേന്‍ കൂട്ടി യോജിപ്പിച്ച് കൊടുത്താല്‍ ഏറ്റവും ഉചിതമായ സമീകൃതാഹാരമാണ്. പഴംലഭിക്കാത്തപ്പോള്‍ പച്ചക്കായ വേവിച്ച് അലിയിപ്പിച്ച് പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത്കൊടുത്താലും മതി. പപ്പായയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. കൂടാതെ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍- എ, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. പപ്പായയുടെ തൊലിയിലെ വെളുത്ത നിറമുള്ള പപ്പയിന്‍ എന്ന കറ ഔഷധങ്ങളില്‍ ഒരു പ്രധാന ചേരുവയാണ്. കൂടാതെ ച്യൂയിംഗം നിര്‍മ്മാണത്തിനും പപ്പയിന്‍ പ്രയോജനപ്പെടുത്തുന്നു.
|