2015 Nov 22 | View Count:
418
| 'എന്ന് നിന്റെ മൊയ്‌തീന്‍' തീയറ്ററുകളില്‍ നിറഞ്ഞോടിയിട്ടുണ്ടാകും..എന്നാല്‍ ജീവിതത്തില്‍ പ്രാണനോടടുക്കിപ്പിടിച്ച മൊയ്‌തീനെ തീയറ്ററില്‍ പോയി കാണേണ്ട ആവശ്യം കാഞ്ചനക്കില്ല. എല്ലാവരുടെയും കണ്ണിനെ ഈറനണിയിച്ച എന്ന് നിന്റെ മൊയ്‌തീന്‍ ഒന്നിലധികം തവണ കണ്ടവരാണ് അധികവും. എന്നാല്‍ ഈ സിനിമ കാഞ്ചന കണ്ടിട്ടുണ്ടോ? തീവ്രപ്രണയത്തിന്റെ ദൃശ്യാവിഷ്‌കാരം തീയറ്ററ്റില്‍ പോയി അനുഭവിച്ചിട്ടില്ല അവര്‍. എന്തുകൊണ്ട് കണ്ടില്ല എന്ന ചോദ്യത്തിനും കാഞ്ചനയ്‌ക്ക് ഉത്തരമുണ്ട്.
'കാണണമെന്നു തോന്നിയില്ല, ഓരോരുത്തരുടെ വ്യക്‌തിപരമായ താല്‍പര്യങ്ങളുണ്ടാവില്ലേ...' - ഇങ്ങിനെയായിരുന്നു അവരുടെ പ്രതികരണം. കുടുംബത്തെകുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നറിഞ്ഞാണ് അതിനെതിരേ കേസ് കൊടുത്തത്. എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഇല്ലെന്നു ബോധ്യപ്പെട്ടതിനാല്‍ അത് കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്നും കാഞ്ചന അറിയിച്ചു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കു ഞാന്‍ 'എന്ന് നിന്റെ മൊയ്‌തീന്‍' സിനിമ കാണാത്തതുമായി ഒരു ബന്ധവുമില്ലെന്നും കാഞ്ചന പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയതുകൊണ്ടാണ് മുക്കം ബി.പി.മൊയ്‌തീന്‍ സേവാ മന്ദിരത്തെക്കുറിച്ചും അതിന്റെ സേവനങ്ങളെക്കുറിച്ചും ലോകമറിഞ്ഞത്. ഇപ്പോള്‍ നിരവധി പേര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവുമായി എത്തുന്നുണ്ട്, അങ്ങനെയാണു നടന്‍ ദിലീപ് സേവാമന്ദിരത്തെകുറിച്ചു അറിയുന്നത്. സേവാമന്ദിരത്തിന്റെ ശോചനീയാവസ്‌ഥ കണക്കിലെടുത്തു പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാന്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്‌തു.
ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി പുതിയൊരു കെട്ടിടത്തിലേക്ക് സേവാമന്ദിരത്തിന്റെ പ്രവര്‍ത്തനം മാറ്റുക എന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത ദിലീപ് അറിയുന്നത്. ഫോണ്‍വിളിച്ച് കെട്ടിടം നിര്‍മിച്ചുനല്‍കാനുള്ള താല്‍പര്യം അറിയിക്കുകയും ചെയ്‌തു.
എന്ന് നിന്റെ മൊയ്‌തീന്‍ സിനിമയില്‍ കാഞ്ചനയുടെ വേഷം ചെയ്‌ത പാര്‍വതി മേനോന്‍ മാത്രമേ ഇടയ്‌ക്ക് ഫോണില്‍ ബന്ധപ്പെടാറുള്ളൂ. പാര്‍വതി സേവാമന്ദിരത്തിലേക്കു വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എങ്കിലും ഇപ്പോഴത്തെ അവസ്‌ഥയില്‍ വരേണ്ട എന്നു പറയുകയായിരുന്നു- കാഞ്ചന പറഞ്ഞു.
സിനിമ ഇറങ്ങിയതിനു ശേഷം നിരവധി പേര്‍ തന്നെ തേടി മുക്കം ബി.പി.മൊയ്‌തീന്‍ സേവാമന്ദിരത്തിലേക്ക് വരുന്നുണ്ട്. തന്നെ ആളുകള്‍ ഇപ്പോള്‍ കൗതുകത്തോടെയാണ് കാണുന്നതെന്നും ഇതിനിടെ തനിക്ക് സേവാമന്ദിറിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍വേണ്ട സമയം കിട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു.
|
| Posted by : admin, 2015 Nov 22 07:11:17 am |