2015 Nov 01 | View Count: 484

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ അവസാനിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ആദ്യഘട്ടത്തില്‍.

ഏഴ് ജില്ലകളിലെ 9200 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. 31,161 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 1.11 കോടി വോട്ടര്‍മാരാണ് ഈ ജില്ലകളിലുള്ളത്. നവംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. എല്ലാ ജില്ലകളിലും നവംബര്‍ ഏഴിന് വോട്ടെണ്ണും

സംസ്ഥാനത്ത് 1316 ബൂത്തുകള്‍ അതീവ പ്രശ്‌നസാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1019 എണ്ണത്തിലും വെബ് കാസ്റ്റിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് ബൂത്തുകളില്‍ വീഡിയോ ചിത്രീകരണവും കൂടുതല്‍ പോലീസും ഉണ്ടാവും. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ പകുതിയോളം കണ്ണൂരിലാണ്. ഇവിടെ ഇത്തരത്തിലുള്ള 643 ബൂത്തുകളില്‍ 408 എണ്ണത്തിലും വെബ് കാസ്റ്റിങ് ഉണ്ടായിരിക്കും.

കണ്ണൂരില്‍ വ്യാപകമായി പോലീസിനെ നിയോഗിക്കും. പത്തുകമ്പനി കര്‍ണാടക പോലീസ് എത്തിയിട്ടുണ്ട്. ഇതില്‍ നാല് കമ്പനിയെ കണ്ണൂരില്‍ നിയോഗിക്കും. വയനാട്ടിലും പത്തനംതിട്ടയിലും പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്ല. മറ്റ് ജില്ലകളിലെ പ്രശ്‌നസാധ്യതാബൂത്തുകളും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയ ബൂത്തുകളും ഇവയാണ്. തിരുവനന്തപുരം173, 156. കൊല്ലം124, 122. ആലപ്പുഴ20, 20. കോട്ടയം23, 15. ഇടുക്കി60, 15. എറണാകുളം55, 48. തൃശൂര്‍44, 43. പാലക്കാട്46, 42. മലപ്പുറം26, 18. കോഴിക്കോട്51, 48. കാസര്‍കോട്51, 44.

Posted by : admin, 2015 Nov 01 08:11:41 am