| ഫലവര്‍ഗ്ഗവിളയായ പപ്പായ ഔഷധച്ചെടികൂടിയാണ്. കാരിക്കേസി കുടുംബത്തില്‍ പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തില്‍ ധാരാളമായി പെക്റ്റിന്‍, സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു
ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, തക്കാളി ഇവയേക്കാള്‍ ഫലമുള്ള ഈ പഴങ്ങള്‍ക്ക് വിലകല്പിക്കാതെകാക്ക തിന്നുപോവുകയാണ്. ഈ പഴം കണ്ണിന് വളരെ നല്ലതാകയാല്‍ കുട്ടികള്‍ക്ക് കൊടുക്കാം. കുട്ടികള്‍ക്ക് വിറ്റാമിന്‍ എ സുലഭമായി ലഭിക്കുന്ന ഏക പഴമാണ് പപ്പായ. ഏത്തക്കായില്‍ ഉള്ളതിന്റെപത്തിരട്ടി വിറ്റാമിന്‍ എ കപ്ലങ്ങാ പഴത്തില്‍ അടങ്ങിയിരിക്കുന്നു. രണ്ടുമാസം പ്രായമായ കുട്ടിക്കു ഒരു സ്പൂണ്‍ പഴത്തോടൊപ്പം ഒരു സ്പൂണ്‍ പശുവിന്‍ പാലോ ഒരു ടീസ്പൂണ്‍ കടലപ്പാലോ (തേങ്ങാ പാലോ) ചേര്‍ത്ത് അഞ്ചുതുള്ളി തേന്‍ കൂട്ടി യോജിപ്പിച്ച് കൊടുത്താല്‍ ഏറ്റവും ഉചിതമായ സമീകൃതാഹാരമാണ്. പഴംലഭിക്കാത്തപ്പോള്‍ പച്ചക്കായ വേവിച്ച് അലിയിപ്പിച്ച് പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത്കൊടുത്താലും മതി. പപ്പായയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. കൂടാതെ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍- എ, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. പപ്പായയുടെ തൊലിയിലെ വെളുത്ത നിറമുള്ള പപ്പയിന്‍ എന്ന കറ ഔഷധങ്ങളില്‍ ഒരു പ്രധാന ചേരുവയാണ്. കൂടാതെ ച്യൂയിംഗം നിര്‍മ്മാണത്തിനും പപ്പയിന്‍ പ്രയോജനപ്പെടുത്തുന്നു.
68) ചെറുനാരകം
സിട്രസ് ഓറാന്റിഫോളിയ (Citrus Aurantifolia Christm) എന്നാണ് ചെറുനാരകത്തിന്റെ ശാസ്ത്രനാമം. ഏതാണ്ട് രണ്ടുമീറ്റര്‍ നീളത്തില്‍ വളരുന്ന മുള്ളോടുകൂടിയ വൃക്ഷമാണ് ചെറൂനാരകം. വെളുത്ത ചെറുപൂവുകള്‍ക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോള്‍ മഞ്ഞനിറവുമാണ്. പഴുത്തകായ ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പേരില്‍ ചെറുനാരങ്ങ എന്നറിയപ്പെടുന്ന ഈ ഫലം ഔഷധസമൃദ്ധിയുടെ കാര്യത്തില്‍ വളരെ വലിയൊരു ഫലമാണ്. ആയുര്‍വ്വേദത്തില്‍ സമാനതകളില്ലാത്ത ഒരു ഫലമാണ്. ഹിന്ദുക്കള്‍ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി യുടെ കലവറയുംഔഷധഗുണമുള്ള ഒരു ലഘുഫലവുമാണ് ചെറുനാരങ്ങ.
ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. നാരങ്ങാവെള്ളം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്. നാരങ്ങാനീരില്‍ തുളസിയില അരച്ച് മുറിവില്‍ മൂന്നുനേരം പുരട്ടിയാല്‍ തേള്‍ കുത്തിയ മുറിവും നീരും വേദനയും മാറും. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെനീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രക്തശുദ്ധി, ജലദോഷം,തൊണ്ടവേദന, മലശോധന, രക്തപ്രസാദം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു. നമ്മുടെ സാധാരണ ഉപയോഗങ്ങള്‍ക്കുപുറമെ ഭക്ഷണഡിഷുകള്‍ അലങ്കരിക്കുവാനും ഫ്രൂട്ട്ജെല്ലി, ഫര്‍ണിച്ചര്‍ പോളിഷ് എന്നിവ ഉണ്ടാക്കുവാനും നാരങ്ങ ഉപയോഗിക്കുന്നു.
|