2015 Sep 28 | View Count:
518
| സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആസ്പത്രിയായി ഉയര്‍ത്തിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. പദവി ഉയര്‍ത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ആസ്പത്രിയെ അവഗണിക്കുന്നത് തുടരുന്നു.
സംസ്ഥാനത്തെ 37 ആസ്പത്രികളില്‍ അത്യാഹിത വിഭാഗം ആരംഭിക്കുന്നതില്‍ ബാലുശ്ശേരി ഉള്‍പ്പെട്ടില്ല. എന്നാല്‍, ജില്ലയിലെ പേരാമ്പ്ര, കുറ്റിയാടി, നാദാപുരം, താമരശ്ശേരി ആസ്പത്രികള്‍ പട്ടികയില്‍ ഇടം നേടി. ആവശ്യത്തിന് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരും മറ്റു സംവിധാനങ്ങളും ആസ്പത്രിയില്‍ ഇനിയുമായിട്ടില്ല. ഇതിനുവേണ്ടി വിവിധ സംഘടനകള്‍ ഒട്ടേറെ സമരം സംഘടിപ്പിച്ചിരുന്നു. ആസ്പത്രി സംരക്ഷണസമിതി അനിശ്ചിതകാല ഉപവാസ സമരവും നടത്തി.
ആസ്പത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അത്യാഹിത വിഭാഗം ആരംഭിക്കാനും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നിട്ടുണ്ടെന്ന് പ്രഖ്യാപിച്ചാണ് ഉപവാസം അവസാനിപ്പിച്ചത്. എന്നാല്‍ മന്ത്രിസഭാ പ്രഖ്യാപനത്തില്‍ ബാലുശ്ശേരി ആസ്പത്രിയെ തഴഞ്ഞു.
താലൂക്ക് ആസ്പത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്ന് എം.പി.യും എം.എല്‍.എ.യും പലതവണ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, അവയൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് വാസ്തവം.
ബാലുശ്ശേരി, നന്മണ്ട, പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളിലുള്ളവരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നവരില്‍ ഏറെയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിടത്തി ചികിത്സയും പ്രസവാനന്തര ചികിത്സയും ഇവിടെ നടന്നിരുന്നു. സംസ്ഥാനത്തുതന്നെ കൂടുതല്‍ പ്രസവം നടന്ന സര്‍ക്കാര്‍ ആസ്പത്രിയായിരുന്നു ബാലുശ്ശേരിയിലേത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ അധികൃതരുടെ അവഗണന കാരണം രോഗികള്‍ക്ക് ഉപകാരമില്ലാത്ത രീതിയിലേക്ക് പോയത്.
|
| Posted by : admin, 2015 Sep 28 12:09:55 pm |