ബാലുശേരി താലൂക്ക് ആശുപത്രി വീണ്ടും 'ശശി' ആയി..
ഉച്ചക്കു ശേഷം സർക്കാർ ആശുപത്രിയിൽ നിന്ന് ചികിൽസ അടുത്ത കാലത്തൊന്നും ലഭിക്കില്ലെന്ന കാര്യത്തിൽ ഏതാണ്ടൊരു തീരുമാനമായി. സമീപ പ്രദേശത്തെ സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം അനുവദിച്ച ഗവൺമെന്റ് ബാലുശേരി ആശുപത്രിയുടെ കാര്യത്തിൽ അനുകൂല തീരുമാനം എടുക്കാത്തത് വൻ പ്രതിഷേധം ഉയർത്തുന്നു.താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും പഴയ സിഎച്ച്സിയേക്കാൾ പരിതാപകരമായ സാഹചര്യത്തിലാണ് ബാലുശേരി സർക്കാർ ആശുപത്രി. ഒപി സമയം കഴിഞ്ഞാൽ പിന്നെ ഇവിടെ നിന്ന് ചികിൽസ ലഭിക്കില്ല. ഇതു കാരണം ഈ മേഖലയിലെ പാവപ്പെട്ട നിരവധി പേരാണ് നിത്യേന ദുരിതം അനുഭവിക്കുന്നത്. ഇതിനൊക്കെ പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു താലൂക്ക് ആശുപത്രി പ്രഖ്യാപനത്തെ ജനം കണ്ടത്. ഒടുവിൽ ആ പ്രതീക്ഷയും ഇല്ലാതായെന്ന് നാട്ടുകാർ പറഞ്ഞു. താലൂക്ക് ആശുപത്രി സംരക്ഷണ സമിതി രൂപവൽകരിച്ച് നടത്തിയ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് നൽകിയ ഉറപ്പുകളിൽ പ്രധാനം ഇവിടെ ഉച്ചക്കു ശേഷം ചികിൽസ ലഭ്യമാക്കുമെന്നായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് അറുപത്തിയഞ്ച് ദിവസമാണ് തുടർച്ചയായി സംരക്ഷണ സമിതി സത്യഗ്രഹം നടത്തിയത്. സർക്കാർ വാക്കു പാലിക്കാതിരുന്നതിൽ സംരക്ഷണ സമിതി ചെയർമാൻ പൊയിലിൽ ശ്രീധരൻ പ്രതിഷേധിച്ചു. നേരത്തെ ലഭ്യമായിരുന്ന ഗൈനക്കോളജിസ്റ്റിന്റെ സേവനം പോലും കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടെ നിന്ന് ലഭിക്കുന്നില്ല. മികച്ച സൗകര്യങ്ങളോടെയുള്ള ഓപറേഷൻ തിയറ്റർ, ലാബുകൾ, പേ വാർഡ് തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ട്. മുഴുവൻ സമയം ചികിൽസ ലഭിക്കാത്തതു കാരണം ഇതൊന്നും തന്നെ ഉപയോഗപ്പെടുത്താനാകുന്നില്ല. ഇതു കാരണം പാവപ്പെട്ട രോഗികൾ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ ആഴ്ചയും പ്രതിനിധി സംഘം ആശുപത്രി വികസനം ആവശ്യപ്പെട്ട് മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. ജീവനക്കാരുടെയും ഡോക്ടർമാരുടെയും എണ്ണത്തിൽ വർധന വേണ്ടി വരുമെന്നതാണ് താലൂക്ക് ആശുപത്രിയുടെ സേവനം ലഭിക്കുന്നതിന് തടസമായി അധികൃതർ പറയുന്നത്. | |
Posted by : admin, 2015 Sep 25 07:09:42 am |