2014 Sep 10 | View Count: 513

മനുഷ്യന്‍ ഏറ്റവും ആദ്യം ഉപയോഗിക്കാന്‍ തുടങ്ങിയ പലവ്യഞ്ജനമാണ് മല്ലി. മെഡിറ്ററേനിയന്‍ പ്രദേശമാണ് മല്ലിയുടെ ജന്മനാട്. മല്ലിയുടെ തണ്ടിനും ഇലക്കും കായ്കുമെല്ലാം ആകര്‍ഷകമായ മണമുണ്ട്. വിറ്റാമിന്‍ ‘സി’ യുടെയും ‘എ’ യുടെയുംമികച്ച ഉറവിടവുമാണ്. മല്ലിയിലുള്ള എണ്ണയാണ് അതിനു സൌരഭ്യം പകരുന്നത്. ഓരോ രാജ്യത്തും ഉണ്ടാകുന്ന മല്ലിയുടെ സ്വഭാവമനുസരിച്ച് അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അളവിലും ഏറ്റക്കുറവുണ്ടാകും. മല്ലി ഉണക്കുമ്പോള്‍അതിലടങ്ങിയിരിക്കുന്ന വോലറ്റൈല്‍ ഓയിലിന്റെ ഒരുഭാഗം നഷ്ടമാകും.
മല്ലിക്ക് ഏറെ ഔഷധഗുണമുണ്ട്. മല്ലി ചേരുന്ന ഔഷധം ദഹനത്തിനും ഉദരവ്യാധികള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളിലും മല്ലി ഒരു പ്രധാന ചേരുവയാണ്. മല്ലിദഹനസഹായിയായും ഉദ്ദീപനൌഷധമായും പ്രവര്‍ത്തിക്കുന്നു. പനിയുടെ തീവ്രത കുറച്ച് കുളിര്‍മ്മ അനുഭവപ്പെടാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, ബി-1, ബി-2, സി, അയണ്‍ എന്നിവയുടെ കുറവു നികത്താന്‍ മല്ലിച്ചാര്‍ കഴിച്ചാല്‍ മതി. വയറുകടിക്കും വയറിളക്കത്തിനും പറ്റിയ മരുന്നാണ് മല്ലി. അര്‍ശസ്, കൃമിശല്യം, പുളിച്ചുതികട്ടല്‍ എന്നിവയില്‍ നിന്നെല്ലാം ആശ്വാസം പകരാന്‍ മല്ലിക്കു കഴിയും. ഉണക്കമല്ലി, പച്ചമുളക്, തേങ്ങ, ഇഞ്ചി, കുരുവില്ലാത്ത മുന്തിരി എന്നിവ ചേര്‍ത്തരക്കുന്ന ചമ്മന്തി ദഹനക്കേടുമൂലമുണ്ടാകുന്ന വയറുവേദന ശമിപ്പിക്കുന്നു. മല്ലികൊണ്ട് ഡിക്കോഷന്‍ തയ്യാറാക്കി തേന്‍ചേര്‍ത്തു കഴിക്കുന്നതും രോഗത്തെ ശമിപ്പിക്കും.
മാരകമായ വസൂരിക്കുപോലും പ്രത്യൌഷധമാണ് മല്ലിച്ചാര്‍. ദിവസം ഒരു നേരമെങ്കിലും ഒരു സ്പൂണ്‍ മല്ലിച്ചാറു കഴിച്ചാല്‍ ഈ രോഗത്തില്‍ നിന്നും ആശ്വാസം കിട്ടും. മല്ലിയിലച്ചാര്‍ കണ്ണുകളില്‍ ഇറ്റിക്കുന്നതും നല്ലതാണ്. വസൂരികൊണ്ടു സംഭവിച്ചേക്കാവുന്ന അന്ധത ഇല്ലാതാക്കാന്‍ ഇതിനു കഴിയും. ഉയര്‍ന്ന കൊളസ്റ്ററോള്‍ കുറയ്ക്കാനും പറ്റിയ മരുന്നാണ് മല്ലികൊണ്ട് തയ്യാറാക്കുന്ന ഡിക്കോഷന്‍. രണ്ടു ടേബിള്‍ സ്പൂണ്‍ മല്ലി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ അരിച്ച് ദിവസം രണ്ടു നേരം ഏതാനും മാസങ്ങള്‍ കഴിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാകും. കൊളസ്റ്ററോള്‍ കുറക്കുകയും ചെയ്യും. ചെങ്കണ്ണിനും പറ്റിയ മരുന്നാണ് ഈ ഡിക്കോഷന്‍. ഇതുകൊണ്ട് കണ്ണ് കഴുകിയാല്‍ വേദനയുടെയും നീരിന്റെയും തീവ്രത കുറയും. ആര്‍ത്തവ സംബന്ധമായ വേദനയുടെ കാഠിന്യം കുറയ്ക്കാനും മല്ലിക്കു കഴിയും. ആറു ഗ്രാം ഉണക്കമല്ലി അര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ചു പകുതി അളവിലാകുമ്പോള്‍ വാങ്ങി, ഇളം ചൂടോടെ പഞ്ചസാരയും ചേര്‍ത്ത് മൂന്നാലു ദിവസം കഴിച്ചാല്‍ വേദനക്ക്ആശ്വാസം കിട്ടും. ലൈംഗികശേഷി നഷ്ടപ്പെട്ടവര്‍ക്കും പറ്റിയ മരുന്നാണ് മല്ലി. മല്ലി വറുത്തുപൊടിച്ച് തേനും ചേര്‍ത്ത് കഴിച്ചാല്‍ ശീഘ്രസ്ഖലനത്തില്‍ നിന്നു മോചനം കിട്ടും. ദിവസം ഒരു തവണവീതം തുടര്‍ച്ചയായി ഒരു മാസം കഴിക്കണം. മൂലക്കുരുവിനും പറ്റിയ മരുന്നാണ് മല്ലി. മല്ലികൊണ്ട് കടുപ്പത്തില്‍ ഡിക്കോഷന്‍ തയ്യാറാക്കി, പാലൊഴിച്ചു ശര്‍‌ക്കരയോ തേനോ ചേര്‍ത്തു കഴിച്ചാല്‍ മൂലക്കുരു കൊണ്ടുള്ള ഈര്‍ച്ചയും അസഹ്യതയും കുറഞ്ഞുകിട്ടും. തലവേദനയുടെ കാഠിന്യം കുറഞ്ഞു കിട്ടാന്‍ മല്ലി അരച്ച് നെറ്റിയില്‍ പുരട്ടുക.
കറിപ്പൊടി, ഗരംമസാല, അച്ചാര്‍പൊടി എന്നിവയിലെ പ്രധാന ചേരുവയാണ് മല്ലി. പച്ചക്കറി വിഭവങ്ങള്‍ക്കും സസ്യേതര വിഭവങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ചേരുവയണിത്. മല്ലി, ബ്രഡ്, കുക്കീസ്,പേസ്ട്രീ എന്നിവയ്ക്കു ഫ്ലേവര്‍ പകരുന്നു. മല്ലികൊണ്ടു തയ്യാറാക്കുന്ന ഡിക്കോഷന്‍ പാല്‍ ചേര്‍ത്തു പാനീയമായി ഉപയോഗിക്കാം. യു.എസ്.എ.യിലും യൂറോപ്യന്‍ രാജ്യങ്ങളിലും മദ്യങ്ങള്‍ക്ക് പ്രത്യേകിച്ചു് ജിന്നിനു ഫ്ലേവര്‍ നല്കാന്‍ ഇതുപയോഗിക്കുന്നു. മല്ലിയില്‍ നിന്നെടുക്കുന്ന വോലറ്റൈല്‍ ഓയില്‍ കൊക്കോ, ചോക്കലേറ്റുകള്‍ എന്നിവക്കും ഫ്ലേവര്‍ നല്കുന്നു. പെര്‍ഫ്യൂമിന്റെ ഒരു പ്രധാന ചേരുവകൂടിയാണ് വോലറ്റൈല്‍ ഓയില്‍.

Posted by : admin, 2014 Sep 10 02:09:32 pm