2015 Sep 24 | View Count: 471

 കക്കയം ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിലെ ഇടുങ്ങിയ പാലങ്ങള്‍ യാത്രക്കാര്‍ക്ക് അപകടഭീതി സൃഷ്ടിക്കുന്നു. മലബാറിന്‍െറ ഊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കക്കയം സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാറിയതോടെ ഇവിടേക്കുള്ള വാഹനങ്ങളുടെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്. എസ്റ്റേറ്റ്മുക്കില്‍നിന്ന് കക്കയം ഡാംസൈറ്റ് വരെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പഴയകാലത്തെ റോഡ് ഇപ്പോഴും അതേനിലയില്‍തന്നെ നില്‍ക്കുകയാണ്. ഇടുങ്ങിയ റോഡില്‍ വീതികുറഞ്ഞ പാലങ്ങളാണ് മിക്കയിടങ്ങളിലുമുള്ളത്. കക്കയം അങ്ങാടിക്കടുത്തെ ഇടുങ്ങിയ പാലത്തിന്‍െറ കൈവരിയും ഒരു ഭാഗം തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഡാംസൈറ്റ് റോഡാകട്ടെ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീതി സൃഷ്ടിക്കുന്നു. ഡാംസൈറ്റ് റോഡിലെ അഞ്ചോളം പാലങ്ങളും കൈവരി പോലുമില്ലാത്ത നിലയിലാണ്. കക്കയം വാലി ഭാഗത്ത് റോഡിന്‍െറ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഇവിടെ ടാര്‍വീപ്പയില്‍ ചുവപ്പുനാട കെട്ടി അപകട മുന്നറിയിപ്പ് നല്‍കിയ നിലയിലാണ്. ടൂറിസം വികസനം നടക്കുമ്പോഴും പാലം പുതുക്കിപ്പണിയാനുള്ള ഒരു നടപടിയും ഉണ്ടാകാത്തതില്‍ ഇവിടെയത്തെുന്ന സന്ദര്‍ശകര്‍ക്കും നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്.

Posted by : admin, 2015 Sep 24 08:09:42 am