2014 Sep 10 | View Count: 1076

സിന്‍ജിബറേസി (Zingiberacea) കുടുംബത്തില്‍ പെട്ട മഞ്ഞളിന്റെ ശാസ്ത്രനാമം കുര്‍കുമാ ലോങ്ഗാ ലിന്‍ (Curcuma Longa Lin.) എന്നാണ്. ഇതിനെ സംസ്കൃതത്തില്‍ ഗൌരി, ഹരിദ്ര, രജനിഎന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കുര്‍ക്കുമിന്‍ എന്ന വര്‍ണവസ്തുവാണ് മഞ്ഞളിന് നിറം നല്കുന്നത്. ഇതിലടങ്ങിയ ടര്‍മറോള്‍ സുഗന്ധം ഉണ്ടാക്കുന്നു.
ഭക്ഷ്യവിഷാംശങ്ങള്‍ക്കെതിരായ ശക്തിയും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിവുമുണ്ട് മഞ്ഞളിന്. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു. നല്ലൊരു ഔഷധവും സൌന്ദര്യ വര്‍ദ്ധക വസ്തുവുമാണ് മഞ്ഞള്‍. ഇളക്കവും നീര്‍വാര്‍ച്ചയുമുള്ള മണ്ണും ചൂടുള്ള അന്തരീക്ഷവുമുണ്ടെങ്കില്‍ ടെറസ്സിലോ ചാക്കിലോ മഞ്ഞള്‍ വളര്‍ത്താം.
ഔഷധയോഗ്യ ഭാഗം : സമൂലം
കുഷ്ഠരോഗികള്‍ക്ക് നല്കുന്ന ഹരിദ്രാഖണ്ഡം എന്ന ലേഹ്യത്തിലെ പ്രധാന ചേരുവ മഞ്ഞളാണ്. ചര്‍മ്മരോഗം, വ്രണം, ചൊറി, മൈഗ്രെയിന്‍ എന്ന തലവേദന തുടങ്ങിയവക്ക് മഞ്ഞള്‍ പ്രതിവിധിയാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് പച്ചമഞ്ഞളും നാട്ടുമാവിന്റെ തൊലിയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുളിക്കാന്‍ നല്കുന്നത് മേനിയുടെ ശുദ്ധീകരണത്തിന് ഉത്തമമാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണവും മണവും സ്വാദും നല്‍കുന്നു. രക്തശുദ്ധിക്കും നിറം വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു. പ്രമേഹത്തിന് നല്ലതാണ്. മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍‍ പൊടി ഇവ ചേര്‍ത്ത് പതിവായിസേവിക്കുക.
ശരീരത്തില്‍‍ ‍ചൊറിച്ചില്‍,വിഷജന്തുക്കള്‍ കടിക്കുക എന്നിവയുണ്ടായാല്‍ മഞ്ഞള്‍ അരച്ചിട്ടാല്‍ മതി. തേനീച്ച, കടന്നല്‍ എന്നിവ കുത്തിയ സ്ഥലത്ത് മഞ്ഞള്‍ അരച്ച് തേച്ചാല്‍ വീക്കം, കടച്ചില്‍ എന്നിവ ഭേദപ്പെടുന്നതാണ്. അലര്‍ജിക്ക് നല്ലതാണ്. തുമ്മല്‍ ഇല്ലാതാക്കും. മുറിവില്‍ മഞ്ഞള്‍ പൊടിയിട്ടാല്‍ പെട്ടെന്ന് ഉണങ്ങും. വിഷബാധക്ക് വളരെ നല്ലതാണ്. തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരംഅരച്ചിടുക. പച്ചമഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ തേള്‍, പഴുതാര, ചിലന്തി ഇവ കടിച്ചുള്ള നീരും വേദനയും ശമിക്കുകയും മുറിവുണങ്ങുകയും ചെയ്യും. പൂച്ച കടിച്ചാല്‍‍ മഞ്ഞളും വേപ്പിലയും മൂന്നുനേരം അരച്ചിടുക. തേനീച്ച കുത്തിയാല്‍‍ മഞ്ഞളും വേപ്പിലയും അരച്ചിടുക. (മഞ്ഞളും തകരയിലയും സമം കൂട്ടി മൂന്ന് നേരം അരച്ചിടുക)
സൌന്ദര്യം കൂടാന്‍ രാത്രിയില്‍‍ ഉറങ്ങുന്നതിനുമുമ്പ് പച്ചമഞ്ഞള്‍‍ അരച്ച് മുഖത്ത് പുരട്ടി രാവിലെകഴുകിക്കളയുക. മഞ്ഞളും മഞ്ഞളിലയും സേവിക്കുന്നതും അരച്ച് ലേപനം ചെയ്യുന്നതും ചര്‍മകാന്തി കൂട്ടും. പച്ചമഞ്ഞള്‍, തെറ്റിവേര്, പുളിയാറില, തൃത്താവ്, തെറ്റിപ്പൂവ്, തുമ്പ വേര്, പിച്ചകത്തില, കടുക്ക എന്നിവഅരക്കഞ്ചു വീതമെടുത്ത് കല്കണ്ടംചേര്‍ത്ത് നെയ്യ് കാച്ചി സേവിച്ചാല്‍ ഉദരപ്പുണ്ണ് ശമിക്കും. വിഷജന്തുക്കള്‍ കടിച്ചാല്‍ മഞ്ഞള്‍, തഴുതാമ, തുളസിയുടെ ഇല, പൂവ് എന്നിവ സമമെടുത്ത് അരച്ച് കടിച്ചഭാഗത്ത് പുരട്ടുകയും അതോടോപ്പം 6ഗ്രാം വീതം ദിവസവും മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെകഴിച്ചാല്‍ വിഷം പൂര്‍ണമായും ശമിക്കും. മഞ്ഞളും കറ്റാര്‍വാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്. സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും അരച്ച് പൂശിയാല്‍ശമനമുണ്ടാകും. കുഴിനഖം, വളംകടി എന്നിവ മാറാന്‍ മഞ്ഞളും മൈലാഞ്ചിയിലും നല്ലത് പോലെ അരച്ച്കെട്ടുക. പച്ചമഞ്ഞള്‍ വേപ്പെണ്ണയിലരച്ച് രണ്ടുനേരം പുരട്ടിയാല്‍ കുഴിനഖം മാറും. കുഴിനഖത്തിന്വേപ്പെണ്ണയില്‍‍ മഞ്ഞളരച്ചിടുക. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒര മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കും. വേപ്പിലയും മഞ്ഞളും കൂടി അരച്ചത് ചൊറി, ചിരങ്ങ് എന്നിവ ശമിക്കാന്‍ സഹായിക്കും. വാതം, പിത്തം, ത്വക്ക് രോഗങ്ങള്‍, എന്നിവയെ ചെറുക്കാനും മഞ്ഞളിനാകും. ചൂടും ഈര്‍പ്പവും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ സമൃദ്ധമായി വളരുന്ന മഞ്ഞളിന്റെ മണ്ണിനടിയില്‍ വളരുന്ന പ്രകന്ദമാണ് ഭക്ഷ്യ-ചികിത്സാ ഭാഗം. ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെടിയുടെ ഇലകള്‍ക്ക് മഞ്ഞകലര്‍ന്ന പച്ചനിറമാണ്.

Posted by : admin, 2014 Sep 10 02:09:57 pm