2014 Sep 10 | View Count:
416
| കുര്‍ക്കുമ അരോമാറ്റിക്ക (Curcuma Aromatica Salish) എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ഇതിനെ യെല്ലോ സെഡോറി (Yellow Zedoary) എന്നു പറയുന്നു. മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ഔഷധിയുടെ പ്രകന്ദമാണ് ഉപയോഗയോഗ്യം. പ്രകന്ദത്തില്‍ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ രാസഘടകങ്ങള്‍ മിക്കതും ഇതിലും അടങ്ങിയിരിക്കുന്നു. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തിക്തരസവുമാണ് ഈ ഔഷധത്തിന്. അണുനാശകശക്തിയും വിഷവിരോപണശക്തിയും നന്നായുള്ള ഔഷധമാണ് കസ്തൂരിമഞ്ഞള്‍. കുര്‍ക്കുമിന്‍ എന്ന വര്‍ണ്ണവസ്തു ചര്‍മ്മത്തിന് അഴക് നല്കുന്നു. മഞ്ഞളിനെപ്പോലെ ഭക്ഷണമായി ഉപയോഗിക്കാറില്ലെങ്കിലും പലഅസുഖങ്ങള്‍ക്കും നിര്‍ദ്ദിഷ്ടമാത്രയില്‍ ഉള്ളില്‍ സേവിക്കാവുന്നതാണ്. ഉളുക്ക്, ചതവ് എന്നിവയ്ക്ക് പുറമ്പാടയായി കറുവയുടെ ഇലയ്ക്കൊപ്പം ചാലിച്ചിടുന്നത് നല്ലതാണ്. അയമോദകം കൂട്ടി ചെറിയമാത്രയില്‍ സേവിച്ചാല്‍ വിഷം തീണ്ടിയതിന്റെ വേദന കുറയും. നവജാതശിശുക്കള്‍ക്കും സ്ത്രീകള്‍ക്കും ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് അരച്ച് പനിനീരില്‍ ചാലിച്ച് ശരീരത്തില്‍ പുരട്ടാവുന്നതാണ്.
സൌന്ദര്യവര്‍ദ്ധക വസ്തുവിലും ഔഷധ ചേരുവകളിലും ധാരാളമായി ഉപയോഗിക്കുന്ന കസ്തൂരിമഞ്ഞള്‍മഞ്ഞകവേ, കര്‍പ്പൂര ഹരിദ്ര, വനഹരിദ്ര എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മികച്ച ഒരു ആന്റിഓക്സിഡന്റുമാണ് കസ്തൂരി മഞ്ഞള്‍. പ്രധാന ഗുണം രക്തശുദ്ധി വരുത്തുന്നതും ത്വക്ക് രോഗങ്ങള്‍,ശരീരത്തിലെ നിറഭേദങ്ങള്‍, കുഷ്ഠം, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കാനുള്ള കഴിവാണ്. പുറംതൊലിക്കു മാര്‍ദ്ദവവും മേനിയും നിറവും വര്‍ധിപ്പിക്കും. കൂടാതെ വിഷഹരവും വെള്ളപ്പാണ്ട് മാറ്റുവാനുംപ്രയോജനകരമാണ്. സൌന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്. മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു. ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും. ഒരു പരിധിവരെ തലവേദനയടക്കം പല ശിരോരോഗങ്ങള്‍ക്കും പ്രതിവിധിയാണ്. അഞ്ചാംപനി, ചിക്കന്‍പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത് ഗുണപ്രദമാണ്. കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെള്ളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും.
രക്തവാതം, ചുമ, കുഷ്ഠം, എക്കിള്‍ എന്നിവ കസ്തൂരിമഞ്ഞള്‍ കൊണ്ട് ഉണ്ടാക്കുന്ന ഔഷധം ശമിപ്പിക്കും. ചര്‍മ്മരോഗ സംഹാരികൂടിയാണിത്. പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുകയും, രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കസ്തൂരിമഞ്ഞള്‍ അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു. മഞ്ഞള്‍, ഇഞ്ചി എന്നിവ കൃഷിചെയ്യുന്ന രീതിയില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്യാം. കാലവര്‍ഷാരംഭമാണ് വിത്തു കിഴങ്ങു നടുവാനനുയോജ്യം. നന്നായി ജൈവവളങ്ങള്‍ ചേര്‍ത്തു സംരക്ഷിച്ചാല്‍ എട്ടു മാസം കൊണ്ടു വിളവെടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം.
|
| Posted by : admin, 2014 Sep 10 02:09:11 pm |