2015 Aug 06 | View Count: 503

കോഴിക്കോട്: വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷനുമായി സഹകരിച്ച് ജില്ലാ ഭരണകൂടം നടപ്പാക്കിയ ഓപറേഷന്‍ സുലൈമാനി രണ്ടാം ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഗുണം കൂടുതല്‍ പേര്‍ക്ക് എത്തിക്കുന്നതിനായി നഗരത്തില്‍ 13ഓളം മേഖലകള്‍ കേന്ദ്രീകരിച്ച് കൂപ്പണ്‍ വിതരണം ചെയ്യാനുള്ള സംവിധാനം ആരംഭിച്ചു. നഗരത്തിലെ കോളജുകളില്‍നിന്ന് വളന്‍റിയര്‍മാരും കൂപ്പണ്‍ എത്തിക്കുന്നതിന് സഹകരിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള പുതിയസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മെഡിക്കല്‍ കോളജ്, ബീച്ച് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്ടറുകള്‍ വഴി ഇപ്പോള്‍ ഓപറേഷന്‍ സുലൈമാനി കൂപ്പണുകള്‍ ലഭ്യമാണ്.
കൂപ്പണ്‍ ബുക്കുകള്‍ വാങ്ങി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷനുമായോ ജില്ലാ കലക്ടറേറ്റുമായോ ബന്ധപ്പെടാവുന്നതാണ്. 25, 50, 100 കൂപ്പണുകളടങ്ങുന്ന ബുക്കുകള്‍ ലഭ്യമാണ്. ജില്ലയില്‍ വടകര, ബാലുശ്ശേരി, കുറ്റ്യാടി, കൂടരഞ്ഞി, രാമനാട്ടുകര എന്നിവിടങ്ങളിലും ഓപറേഷന്‍ സുലൈമാനി പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ക്കൂടി പദ്ധതി ഉടന്‍ ആരംഭിക്കും. നഗരത്തെ ഭിക്ഷാടകമുക്തമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.

Posted by : admin, 2015 Aug 06 09:08:06 pm