2014 Sep 10 | View Count: 513

കേരളത്തില്‍ എല്ലായിടത്തും സമൃദ്ധമായി കാണുന്ന സസ്യമാണ് കച്ചോലം. വളക്കൂറുള്ള ഏതുമണ്ണിലും ഇവ വളരുന്നു. കോംപ് ഫെറിയ ഗലന്‍ഗ (Kaempferia galanga) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം സിന്‍ജിബെറേസ് എന്ന കുടുംബത്തില്‍ പെട്ടതാണ്. വെള്ള നിറമുള്ള ഈ ചെടിയുടെ പൂക്കളില്‍ പാടലനിറത്തിലുള്ള പൊട്ടുകളും കാണാം. ഇതിന്റെ കിഴങ്ങില്‍ ആല്‍ക്കലോയിഡ്,സ്റ്റാര്‍ച്ച്, പശ, സുഗന്ധദ്രവ്യം, തൈലം എന്നിവ അടങ്ങിയിരിക്കുന്നു. അമൂല്യതകൊണ്ടും ഔഷധഗുണം കൊണ്ടും പ്രാധാന്യമുള്ള ഈ സസ്യം സമൂലം സുഗന്ധവാഹിയാണ്. ആയുര്‍വേദ വിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമാണ് കച്ചോലം. കിഴങ്ങാണ് ഔഷധയോഗ്യഭാഗം. ശ്വാസകോശരോഗങ്ങളെയും വാത-കഫ രോഗങ്ങളെയും ശമിപ്പിക്കും. കച്ചോലം ചേര്‍ത്ത് കാച്ചിയ എണ്ണ പീനസവും ശിരോരോഗങ്ങളും മാറ്റും. ഉണങ്ങിയ കച്ചോലം പൊടിച്ച് തേനില്‍ സേവിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. കച്ചോലത്തിന്റെ വേര് അരച്ച് ശരീരത്തില്‍ പുരട്ടുന്നത് നീരിളക്കത്തിന് ശമനം തരും. കാസം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍,ദഹന സംബന്ധമായ രോഗങ്ങള്‍, ചുമ, വായനാറ്റം, നാസരോഗങ്ങള്‍, ശിരോരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ദഹനസംബന്ധമായ രോഗങ്ങള്‍ക്കാണ് ഇത് പ്രധാനമായുംഉപയോഗിക്കുന്നത്. കാസം, ശ്വാസകോശരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നിന്റെ ചേരുവയിലും വിരയെ നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ചൊറി, വ്രണം, രക്തദോഷം, മുഖരോഗം, മൂക്കുമായി ബന്ധപ്പെട്ട രോഗം എന്നിവക്കുള്ള ഔഷധമാണ് കച്ചോലം. ദഹനക്കുറവ്, അര്‍ശ്ശസ്സ്, ചര്‍‍മ്മരോഗം, അപസ്മാരം,പ്ലീഹാരോഗം എന്നിവക്കും കച്ചോലം ഉത്തമൌഷധമാണ്. കഷായ നിര്‍മ്മാണത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു. കച്ചോലം ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍, അശ്വഗന്ധാരി ചൂര്‍ണ്ണം, ഹിഗുപചാദിചൂര്‍ണ്ണം, നാരായ ചുര്‍ണ്ണം, ദാര്‍വ്യാധീ കഷായം, പ്രയംഗ്വാദി കഷായം. മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ബഹുവര്‍ഷി ഔഷധിയുടെ ഉണങ്ങിയ പ്രകന്ദമാണ് ഔഷധമായും നടീല്‍ വസ്തുവായും ഉപയോഗിക്കുന്നത്. കടലോരമേഖല ഒഴികെ എല്ലായിടത്തും നന്നായി വളരും. സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 2 മുതല്‍ 3 ടണ്‍ വരെജൈവവളങ്ങള്‍ ചേര്‍ത്ത് ഇറയിക്ക് വാരമെടുക്കുന്നത് പോലെ വാരം എടുക്കണം ഇങ്ങനെയാണ്കച്ചോലത്തിന്റെ കൃഷിരീതി.

Posted by : admin, 2014 Sep 10 02:09:34 pm