2014 Sep 10 | View Count:
472
| ലിത്രേസി സസ്യകുടുംബത്തില്‍ പെട്ട മൈലാഞ്ചിയുടെ ശാസ്ത്രനാമം ലോസോണിയ ഇനേര്‍മിസ്എന്നാണ്. ബലമുള്ള നേര്‍ത്ത ശാഖകള്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ വളരെ ചെറുതായിരിക്കും.
മൈലാഞ്ചി ഒരു സൌന്ദര്യവര്‍ദ്ധക ഔഷധിയാണ്. സൌന്ദര്യം കൂട്ടുവാന്‍ മത്രമല്ല, ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിനാകും. ഇംഗ്ലീഷില്‍ ഹെന്ന എന്നും സംസ്കൃതത്തില്‍ മദയന്തിക,രാഗാംഗി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവത്തകരാറുകള്‍,മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷഔഷധമാണ്. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍ കുഴിനഖം മാറിക്കിട്ടും. മൈലാഞ്ചിവേര്, ചുക്ക്, എള്ള് എന്നിവയെല്ലാം കൂടി 50 ഗ്രാം വീതമെടുത്ത് 400 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിയാക്കി കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ക്ക് ഗുണം ചെയ്യും. മൈലാഞ്ചി സമൂലം അരച്ച് പാലില്‍ കഴിക്കുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്താല്‍ മഞ്ഞപ്പിത്തം കുറയും. മൈലാഞ്ചി ഇടിച്ചു പിഴിഞ്ഞ നീരില്‍ മൈലാഞ്ചിവേര് കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാല്‍ തലമുടി കറുത്ത് വളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയ്യും. മുടിവളര്‍ച്ചക്കും അഴകിനും 3 ഗ്രാം മൈലാഞ്ചിപ്പൂവരച്ച് 2 നേരം സേവിക്കുക. കുഷ്ഠത്തിന് മൈലാഞ്ചിയില കഷായം വെച്ച് 25 മില്ലി വീതം രണ്ടുനേരം സേവിക്കുക. 3 ഗ്രാം മൈലാഞ്ചിപ്പൂവ് അരച്ച് ശുദ്ധജലത്തില്‍ കലക്കിക്കുടിച്ചാല്‍ ബുദ്ധിപരമായ ഉണര്‍വ്വിന് നല്ലതാണ്. മൈലാഞ്ചിയില കഷായം വെച്ച് ഒരൌണ്‍സ് വീതം രണ്ടുനേരം സേവിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും.കഫ-പിത്തരോഗങ്ങള്‍ ശമിപ്പിക്കാനും വ്രണം ഉണങ്ങാനും വേദന ഇല്ലാതാക്കാനും കഴിയുന്നവയാണ് മൈലാഞ്ചി. മൈലാഞ്ചി അരച്ച് കഷായം വെച്ച് കുടിക്കുന്നത് നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്.
|
| Posted by : admin, 2014 Sep 10 02:09:41 pm |