2015 Jul 05 | View Count: 556

പണവും സ്വർണവും മുദ്രക്കടലാസിലെ ആധാരവുമൊക്കെ ബാങ്ക് ലോക്കറിൽ സൂക്ഷിക്ക‍ുന്നതുപോലെ ഇ– രേഖകള്‍ സൂക്ഷിക്കാനാണ് സർക്കാരിന്റെ ഡിജിറ്റൽ ലോക്കർ. ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഭരണ സംവിധാനമായ ഇ– ഗവേണൻസിന്റെ ഭാഗമായി സർക്കാർ രേഖകളും സേവനങ്ങളുമെല്ലാം ഓൺലൈൻ വഴിയായതിനു പിന്നാലെയാണു കേന്ദ്രസർക്കാർ ഈ രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കർ സംവിധാനം ജനങ്ങൾക്കായി ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ ഡിജിറ്റൽ വാരത്തിന‍ു തുടക്കം കുറിക്കുന്ന ജൂലൈ ഒന്നിന് നടക്കും. പക്ഷേ, ആർക്കു വേണമെങ്കിലും ഇപ്പോഴേ ഡിജിറ്റൽ ലോക്കർ തുറന്നു രേഖകൾ സൂക്ഷിക്കാൻ സൗകര്യമുണ്ട്. ഡിജിറ്റൽ വാരം സമാപിക്കുമ്പോഴേക്കും സംസ്ഥാനത്ത് ഒരു ലക്ഷം പേർ ഡിജിറ്റൽ ലോക്കർ സംവിധാനം ഉപയോഗിച്ചു തുടങ്ങണമെന്നാണു കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.

· ഡിജിറ്റൽ ലോക്കർ ആരംഭിക്കാൻ

digitallocker.gov.in എന്ന വെബ്സൈറ്റിൽ കയറിയാൽ സ്വന്തമായി ആധാർ നമ്പർ ഉള്ള ആർക്കും ഡിജിറ്റൽ ലോക്കർ തുറക്കാം. കംപ്യൂട്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവർക്കു സ്വന്തമായോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ നാഷനൽ ഇൻഫർമാറ്റിക്സ് ഓഫിസിലോ എത്തി ഡിജിറ്റൽ ലോക്കർ സ്വന്തമാക്കാം. പൂർണമായും സൗജന്യമാണ് ഈ സേവനം. ആകെ ആവശ്യമുള്ളതു ആധാർ നമ്പർ മാത്രം.

വെബ്സൈറ്റിൽ പ്രവേശിച്ചാൽ ‘റജിസ്റ്റർ നൗ’ എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ റജിസ്റ്റർ ഫോർ എ ഡിജിലോക്കർ അക്കൗണ്ട് എന്ന ഓപ്ഷൻ കാണാം. ഇവിടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുക. തുടർന്ന്, ഡിജിറ്റൽ ലോക്കറിൽ കടക്കുന്നതിന് രണ്ട് ഓപ്ഷന്‍ ആണുള്ളത്. ഒറ്റത്തവണ പാസ്‍വേഡ് അല്ലെങ്കിൽ വിരലടയാളം. ആധാർ നമ്പരിനോടൊപ്പം നൽകിയിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് ഒറ്റത്തവണ പാസ്‍വേഡ് (ഒടിപി) ലഭിക്കുന്ന ലിങ്കിൽ അമർത്തിയാൽ മൊബൈൽ നമ്പരിൽ പാസ്‍വേഡ് ലഭിക്കും. ഈ രഹസ്യ നമ്പർ നൽകിയാൽ ലോക്കറിലേക്കു പ്രവേശിക്കാം. അല്ലെങ്കിൽ വിരലടയാളം സ്കാനർ വഴി രേഖപ്പെടുത്തണം.

തുടർന്ന്, യൂസർ നെയിമും പാസ്‍വേഡും തയാറാക്കണം. യൂസർ നെയിം സ്വന്തം പേരുതന്നെ നൽകിയാൽ മതി. പാസ്‍‍വേഡിൽ അക്ഷരങ്ങള്‍, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കാം. ഇത്രയുമായാൽ നിങ്ങൾക്കു സ്വന്തമായി ഒരു ലോക്കർ ലഭിക്കും. 10 മെഗാബൈറ്റ് (എംബി) ആണ് നിങ്ങളുടെ ലോക്കറിന്റെ സംഭരണ ശേഷി. ആധാർ കാർഡ് തന്നെ ആദ്യം ലോക്കറിൽ സൂക്ഷിക്കാം. ഇതിനായി ഇ– ആധാർ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലോക്കറിൽത്തന്നെയുണ്ട്. ലിങ്ക് ക്ലിക്ക് ചെയ്ത് മാർഗനിർദേശം അനുസരിച്ചു ചെയ്താൽ മതി. ഡിജിറ്റൽ ലോക്കർ നമ്മുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുമായും ജി മെയിൽ അക്കൗണ്ടുമായും കണക്ട് ചെയ്യാവുന്നതാണ്. അതിനും ലോക്കറിലെ മാർഗനിർദേശം നോക്കിയാൽ മതി.

· എന്തിനു ഡിജിറ്റൽ ലോക്കർ?

ഭാവിയിൽ സർക്കാർ സംബന്ധിയായ രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്യുമ്പോൾ നമുക്കാവശ്യമായ എല്ലാ രേഖകളും ഒറ്റ സുരക്ഷിത കേന്ദ്രത്തിൽ ലഭ്യമാകും. മാത്രമല്ല, നമുക്ക് ആവശ്യമായ എന്തെങ്കിലും സേവനത്തിനു വേണ്ട തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവ ഈ ഡിജിറ്റൽ ലോക്കറിൽ നിന്നു ബന്ധപ്പെട്ട ഓഫിസിലേക്കു ഷെയർ ചെയ്യാവുന്നതാണ്.

· എന്തൊക്കെ സൂക്ഷിക്കാം?

ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, പാസ്പോർട്ട്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, വസ്തുവിന്റെ ആധാരം തുടങ്ങി സൂക്ഷിച്ചുവയ്ക്കേണ്ട എന്തു രേഖയും സ്കാൻ ചെയ്ത് ഡിജിറ്റൽ ലോക്കറിലേക്ക് അപ്‍ലോഡ് ചെയ്യാം. നമ്മുടെ ഏതു രേഖ നശിപ്പിക്കപ്പെട്ടാലും ഡിജിറ്റൽ ലോക്കറിലേതു ഭദ്രമായി ഉണ്ടാകും. ക്ലൗഡ് െസർവർ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയിലാണ് ഈ രേഖകളെല്ലാം സൂക്ഷിക്കുന്നത്. അതിനാൽ എവിടെ നിന്നും ആവശ്യമുള്ളപ്പോൾ ഡൗൺലോഡ് ചെയ്യാം.

ഡിജിറ്റൽ ലോക്കർ ഉപയോഗിച്ച് തുടങ്ങാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..

http://digitallocker.gov.in

 

Posted by : admin, 2015 Jul 05 07:07:39 pm