2015 Jun 19 | View Count:
402
| പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന ഒരു പുസ്തകം പോലും സ്വന്തമാക്കാന്‍ കഴിയില്ലെന്ന് മാണിക്യത്തിരുകണ്ടി രാമന്‍കുട്ടിയെന്ന നിര്‍ധനന് നന്നായറിയാം. സര്‍ക്കാര്‍ സഹായത്താല്‍ നിര്‍മിച്ച തന്റെ അഞ്ചുസെന്റ് ഭൂമിയിലെ കൊച്ചുകൂരയില്‍നിന്ന് വായനയുടെ വിശാലലോകത്തേക്ക് യാത്രതുടരുകയാണ് ഇദ്ദേഹം. വായിച്ചു തീര്‍ത്ത ഏഴായിരത്തോളം പുസ്തകങ്ങള്‍ ജീവിതയാത്രയില്‍ ഒരുപാട് തുണയായി.
സമൂഹത്തില്‍ നിന്നും സ്‌കൂളില്‍ നിന്നുമുള്ള അവഗണനയും പട്ടിണിയും മൂലം രാമന്‍കുട്ടിക്ക് അഞ്ചാംക്ലൂസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു.
കുലത്തൊഴിലായ കൊട്ടയും മുറവും നിര്‍മിച്ചും കൂലിപ്പണിക്ക് പോയും പട്ടിണിയോട് പടവെട്ടുന്നതിനുമിടയില്‍ ആശ്വാസമേകിയത് വായനയാണ്. 1965-ല്‍ നന്മണ്ട അങ്ങാടിയിലെ വായനശാലയില്‍ അംഗത്വമെടുത്ത രാമന്‍കുട്ടിക്ക് ഇന്നും ആശ്രയമായി നില്‍ക്കുന്നത് ഗ്രാമപ്പഞ്ചായത്ത് ലൈബ്രറി തന്നെയാണ്.
ആസ്വാദനത്തിന്റെ ഇഴപൊട്ടാതിരിക്കാന്‍ ചില ദിവസങ്ങളില്‍ നേരം പുലരുന്നവരെ വായിക്കും. ഭാര്യ ശ്രീവള്ളിയുടെയും മകള്‍ സ്‌നേഹയുടെയും സ്‌നേഹത്തില്‍പൊതിഞ്ഞ പരിഭവങ്ങള്‍ അവഗണിച്ചാണിത്.
വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവുണ്ട്. ഇത്തരത്തിലുള്ള നല്ലൊരു ശേഖരം ഗൃഹനിര്‍മാണകാലത്ത് നഷ്ടമായതിന്റെ വേദന ഇന്നും തീര്‍ന്നിട്ടില്ല. നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 9-ാം തരത്തില്‍ പഠിക്കുന്ന മകള്‍ സ്‌നേഹ സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ മുളയുത്പന്ന നിര്‍മാണത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മുളയുത്പന്ന നിര്‍മാണത്തില്‍ വിദഗ്ധയായ ഭാര്യ ശ്രീവള്ളിയില്‍ നിന്ന് പരിശീലനം നേടാനായി സ്‌കൂള്‍ മേളക്കാലങ്ങളില്‍ നിരവധി പേര്‍ എത്താറുണ്ട്.
|
| Posted by : admin, 2015 Jun 19 08:06:03 pm |