2014 Sep 10 | View Count: 451

സിസിജിയം അരോമാറ്റിക്കം (Zyzygium Aromaticum Merr.) എന്നാണ് ഗ്രാമ്പൂവിന്റെ ശാസ്ത്രനാമം. ഒരു നിത്യഹരിത ചെറുവൃക്ഷമാണ് ഗ്രാമ്പൂ. എണ്ണപ്പച്ച നിറമുള്ള ഇലകള്‍ക്ക് ക്ലോവ് ഓയിലിന്റെ ഗന്ധമുണ്ട്. മറ്റുസസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമ്പുവിന്റെ പൂമൊട്ടുകള്‍ പറിച്ചുണക്കിയാണ് ഗ്രാമ്പുവാക്കുന്നത്. ഉണങ്ങിയ ഗ്രാമ്പുമൊട്ടുകള്‍ വാറ്റിയാണ് വളരെ വിലയേറിയ സുഗന്ധതൈലമായ ഗ്രാമ്പൂഎണ്ണ എടുക്കുന്നത്. പൂമൊട്ടുകളില്‍ 19% വരെ തൈലമുണ്ട്. യൂറോപ്പിലും മറ്റും അണുനാശകമായും അത്തറായും മൗത്ത് ‌വാഷായുമൊക്കെ ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു. ഈ തൈലത്തിലെ പ്രധാന രാസഘടകമായ യൂജിനോള്‍ ആണ് തൈലത്തിനു മണവും എരിവും നല്കുന്നത്. ഗ്രാമ്പൂ മൊട്ടുകള്‍ക്ക് ആദ്യം ഇളംപച്ച നിറമായിരിക്കും. മൊട്ടു വളരുന്നതോടെ നിറം ഇളം റോസാകുന്നു. ഈ ഘട്ടത്തില്‍തൈലത്തിന്റെ അളവു കൂടും. രക്തചംക്രമണ വ്യവസ്ഥയെ ദൃഢപ്പെടുത്താനും ശരീരോഷ്മാവിനെക്രമീകരിക്കാനും സഹായിക്കുന്ന വസ്തുക്കള്‍ ഗ്രാമ്പൂ എണ്ണയിലുണ്ട്. ഇതു പുരട്ടി തിരുമ്മുന്നത് ചര്‍മ്മത്തിനുബലമേകും. ഗ്രാമ്പൂതൈലം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് മൗത്ത് വാഷായി ഉപയോഗിച്ചാല്‍ വായ്നാറ്റവും പല്ലുവേദനയും മാറും. ഗ്രാമ്പുതൈലം ഇറ്റിച്ച വെള്ളത്തില്‍ ആവി പിടിച്ചാല്‍ ജലദോഷം മാറുകയും പീനസവും കഫക്കെട്ടും ഒഴിവാകുകയും ചെയ്യും.
വായുകോപം ശമിപ്പിക്കുന്ന ഔഷധമാണു ഗ്രാമ്പൂ. ദഹനക്കുറവ്, വയറുവേദന തുടങ്ങിയ ഉദരരോഗങ്ങളുടെ ചികിത്സയില്‍ ഗ്രാമ്പൂ ഫലപ്രദമാണ്. ആറു ഗ്രാമ്പൂ 30 മില്ലി വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ ദിവസവും ആഹാരത്തിനു ശേഷം മൂന്നുനേരം കഴിച്ചാല്‍, ഉദരരോഗങ്ങള്‍ശമിക്കും. ഗ്രാമ്പൂവില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നോ രണ്ടോ തുള്ളിയെടുത്ത് ഒരു നുള്ള് പഞ്ചസാരയും ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് മൂന്നു നേരം കഴിച്ചാലും ഉദരരോഗങ്ങള്‍ക്ക് ശമനം കിട്ടും. ഗ്രാമ്പൂ വറുത്തുപൊടിച്ചു തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഛര്‍ദ്ദി നില്‍ക്കും. ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്നവയറിളക്കവും ഛര്‍ദ്ദിയും ഇല്ലാതാക്കാനും ഗ്രാമ്പൂ നന്ന്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ആറു ഗ്രാമ്പൂ ഇട്ട് 12മണിക്കൂര്‍ അടച്ചുവെച്ച് ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി,അരമണിക്കൂര്‍ ഇടവിട്ട് രോഗിക്കു കൊടുത്താല്‍ ഛര്‍ദ്ദി ശമിക്കും. ഗ്രാമ്പൂ നല്ല വേദനസംഹാരിയാണ്.പല്ലുവേദനക്ക് ഒന്നാന്തരം മരുന്നാണ്. അല്പം പഞ്ഞിയെടുത്ത് ഗ്രാമ്പൂ തൈലത്തില്‍ മുക്കി, പല്ലിന്റെപോട്ടില്‍ വെച്ചാല്‍ വേദന ശമിക്കും. ചെവിവേദന അകറ്റാനും ഗ്രാമ്പൂ നന്ന്. ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ ഒരു ഗ്രാമ്പൂ ഇട്ട് ചൂടാക്കി ആറുമ്പോള്‍ അതില്‍ നിന്ന് മൂന്നോ നാലോ തുള്ളിയെടുത്ത് ചെവിയിലൊഴിച്ചാല്‍ വേദന മാറും. മസിലുകളുടെ വേദനയകറ്റാന്‍ ഗ്രാമ്പൂതൈലം പുരട്ടിയാല്‍ മതി. സന്ധിവേദന,മൈഗ്രെയിന്‍ തുടങ്ങിയ രോഗങ്ങള്‍ അസഹീനമാവുമ്പോള്‍, അഞ്ചു തുള്ളി ഗ്രാമ്പൂ എണ്ണ 30 മില്ലി ഒലിവ്ഓയിലില്‍ യോജിപ്പിച്ചു പുരട്ടുക. ഗ്രാമ്പൂവും ഉപ്പുപരലും പാലില്‍ അരച്ചിട്ടാല്‍ കൊടിയ തലവേദന ശമിക്കും. സന്ധിവാതത്തിനും വാതസംബന്ധമായ മറ്റു രോഗങ്ങള്‍ക്കും പറ്റിയ മരുന്നാണ് ഗ്രാമ്പൂ. വാതംമൂലമുണ്ടാകുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ചു നിറുത്താന്‍ ഇതിനു കഴിയും. ദിവസവും രണ്ടു നേരം ഓരോ ഗ്രാമ്പൂ വായിലിട്ടു ചവക്കുന്നതും കൊള്ളാം. അപകടകരമായ രീതിയില്‍ രക്തം കട്ടകെട്ടുന്നതും ഗ്രാമ്പൂ തടയുന്നു. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിവിധിയാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ഡിക്കോക്ഷന്‍ നല്ല ചുമസംഹാരിയാണ്.
ഗ്രാമ്പൂതൈലം അല്പംടാര്‍പെന്റൈന്‍ ചേര്‍ത്ത് മാറത്തുഴിഞ്ഞാല്‍ ബ്രോങ്കൈറ്റിസ്, വില്ലന്‍ചുമ, ന്യൂമോണിയ എന്നിവകൊണ്ടുണ്ടാകുന്ന വിഷമതകള്‍ മാറും. ഒരു ഗ്രാമ്പൂ ഒരു കല്ലുപ്പും ചേര്‍ത്ത് ചവച്ചാല്‍ തൊണ്ട ഉറുത്തുന്നതു കൊണ്ടുള്ള അസ്വസ്ഥത ശമിക്കും. കണ്‍കുരുവിന് ഒന്നാന്തരം മരുന്നാണ് ഗ്രാമ്പൂ. കണ്‍കുരുമൂലമുണ്ടാകുന്ന നീരില്‍ നിന്നും മോചനം കിട്ടാന്‍, ഒരു ഗ്രാമ്പൂ വെള്ളത്തിലിട്ട് നന്നായി തിരുമ്മിയശേഷം കണ്‍പോളകളില്‍ പുരട്ടിയാല്‍ അസഹ്യത മാറും. ലൈംഗികമരവിപ്പും ബലഹീനതയും ഇല്ലാതാക്കാന്‍ പറ്റിയ മരുന്നാണ് ഗ്രാമ്പൂ. മുരിങ്ങമരത്തിന്റെ തടിയില്‍ ഒരു ദ്വാരമുണ്ടാക്കി, അതില്‍ നിറയെ ഗ്രാമ്പൂ നിറച്ച് ദ്വാരം മെഴുകുരുക്കി അടക്കുക. 40 ദിവസം കഴിഞ്ഞ് ഈ ഗ്രാമ്പൂ പുറത്തെടുത്ത്, തണലില്‍ ഉണക്കി കാറ്റു കയറാതെ കുപ്പിയിലടച്ചു സൂക്ഷിക്കുക. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ നാക്കിനടിയിലിടുക. ഒരുനുള്ള് ഗ്രാമ്പൂപൊടി തേനില്‍ ചാലിച്ച് മൂന്നുനേരം സേവിച്ചാല്‍ ശ്വാസംമുട്ടലും കഫക്കെട്ടും കുറയും.
ഗ്രാമ്പൂ തൈലം മരുന്നിനും ആഹാരത്തിനും രുചി വരുത്താനും, സുഗന്ധ വസ്തുക്കള്‍ ഉണ്ടാക്കാനും ചിലയിനം സിഗരറ്റുകളില്‍ സുഗന്ധമുണ്ടാക്കാനും ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റ്, ബേക്കറി പലഹാരങ്ങള്‍,മരുന്നുകള്‍, തുടങ്ങിയവയില്‍ ഗ്രാമ്പൂ സത്ത് അടങ്ങിയിട്ടുണ്ട്. വെറ്റില മുറുക്കുമ്പോഴും രുചിക്കും സുഗന്ധത്തിനും വേണ്ടി ഇതു ചേര്‍ക്കുന്നു.

Posted by : admin, 2014 Sep 10 02:09:35 pm