കാന്‍സര്‍ തിരിച്ചറിയാന്‍ ഏഴ് ലക്ഷണങ്ങള്‍
രോഗത്തെ നേരത്തേ തിരിച്ചറിയുക, ചികിത്സ കൃത്യമായി പാലിക്കുക എന്നിവയാണ് കാന്‍സറിനെ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ ഉപാധികള്‍. ആധുനിക ലോകം ഏറ്റവും ഭയത്തോടെ കാണുന്ന രോഗമാണ് കാന്‍സര്‍. സര്‍വ വ്യാപിയായ രോഗാവസ്‌ഥയാണ് കാന്‍സര്‍. അതിനാല്‍ രോഗത്തിന്റെ ദുരിതത്തെയും അനുബന്ധമായ മറ്റ് അവസ്‌ഥകളെയും നേരിട്ട് കാണാത്തവരുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് കാന്‍സറിനെ കുറിച്ചുള്ള ഭയവും മിഥ്യാധാരണകളും നമ്മെ കൂടുതല്‍ ആഴത്തില്‍ സ്വാധീനിക്കുന്നത്. യഥാര്‍ഥത്തില്‍ കാന്‍സര്‍ ഒരു പ്രത്യേക രോഗാവസ്‌ഥ മാത്രമല്ല. നൂറിലധികം രോഗാവസ്‌ഥകള്‍ക്ക് പൊതുവേ പറയുന്ന പേരാണ് കാന്‍സര്‍. കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നു എന്നതും ഇത് മറ്റ് കലകളിലേക്ക് വ്യാപിക്കുന്നു എന്നതുമാണ് വിഭിന്നങ്ങളായ ഈ രോഗാവസ്‌ഥകളെ കാന്‍സര്‍ എന്ന ഒറ്റമേല്‍ക്കൂരയ്‌ക്കു കീഴിലെത്തിക്കുവാന്‍ കാരണം. രോഗത്തെ നേരത്തേ തിരിച്ചറിയുക, ചികിത്സ കൃത്യമായി പാലിക്കുക എന്നിവയാണ് കാന്‍സറിനെ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ ഉപാധികള്‍. രോഗം നേരത്തേ തിരിച്ചറിയണമെങ്കില്‍ രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് പൊതുവായ ധാരണയുണ്ടായിരിക്കണം. കാന്‍സറിന് നൂറിലധികം വിഭാഗങ്ങളുണ്ട് എന്നതുകൊണ്ടുതന്നെ ഇവയുടെ ലക്ഷണങ്ങളും അത്രതന്നെ വൈവിധ്യം നിറഞ്ഞതായിരിക്കും. എങ്കിലും ഏറ്റവും കൂടുതലായും പൊതുവായും കാണപ്പെടുന്ന കാന്‍സര്‍ രോഗലക്ഷണങ്ങളെ അറിയുക. 1. പെട്ടെന്നുള്ള ഭാരം കുറയല്‍ ഭക്ഷണത്തിന്റെ അളവിലോ, വ്യായാമത്തിന്റെ കാര്യത്തിലോ മാറ്റങ്ങളൊന്നും ഇല്ലാതെതന്നെ അകാരണമായ രീതിയില്‍ ഭാരം കുറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്‌ടറെ സന്ദര്‍ശിക്കണം. ചെറിയ തോതിലുള്ള ഭാരക്കുറവാണെങ്കില്‍ വലിയ ബുദ്ധിമുട്ടുകളുണ്ടാകുവാന്‍ സാധ്യതയില്ല. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം വലിയ തോതില്‍ ഭാരക്കുറവ് അനുഭവപ്പെടുമ്പോഴാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. 2. രക്‌തസ്രാവം മൂത്രത്തിലൂടെയും മൂക്കിലൂടെയും മറ്റും ചെറിയതോതില്‍ രക്‌തം സ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. വ്യായാമത്തിന്റെ കാര്യത്തിലോ മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെ അകാരണമായ രീതിയില്‍ ഭാരം കുറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കും. സ്‌ത്രീകള്‍ പൊതുവേ മാസമുറയുടെയും മറ്റും ഭാഗമാണെന്ന് കരുതി ഈ അവസ്‌ഥയെ അവഗണിക്കാറുണ്ട്. ഇത് ചിലപ്പോള്‍ അണ്ഡാശയ കാന്‍സര്‍, മൂത്രാശയ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ തുടങ്ങിയവയുടെ ലക്ഷണളാവാറുണ്ട്. അതിനാല്‍ അസാധാരണ രക്‌തസ്രാവം കണ്ടാല്‍ ഉടന്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയമാകണം. 3. സ്‌തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്‌തനത്തിലുണ്ടാകുന്ന മുഴകളും സ്‌തനത്തിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുഴകള്‍ക്കും ഘടനയിലെ മാറ്റങ്ങള്‍ക്കും പുറമേ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞ് കാണപ്പെടുക, സ്‌തനത്തിന് ചുവന്ന നിറം, തടിപ്പ്, വീക്കം, നീണ്ടു നില്‍ക്കുന്ന വ്രണം തുടങ്ങിയവയും കാന്‍സര്‍ ലക്ഷണങ്ങളില്‍ ചിലതാണ്. മാസത്തിലൊരു തവണയെങ്കിലും സ്വയം സ്‌തന പരിശോധന നടത്തുന്നത് ഈ ലക്ഷണങ്ങളെ പെട്ടെന്ന് ശ്രദ്ധയില്‍ പെടാന്‍ സഹായിക്കും. 4. മറുകുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശരീര ചര്‍മ്മത്തിലും മറ്റും കാണപ്പെടുന്ന മറുകകളുടെ രൂപത്തിലോ ഘടനയിലോ സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. ഇതോടനുബന്ധിച്ച് തൊലിയില്‍ നിന്ന് രക്‌തം വരികയോ, ചെതുമ്പല്‍ പോലെ കാണപ്പെടുകയോ, മൊരിച്ചില്‍ കൂടുതലായി കാണപ്പെടുകയോ ചെയ്‌താല്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. 5. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് ഭക്ഷണത്തോട് വിരക്‌തി തോന്നുന്ന അവസ്‌ഥയും ഭക്ഷണം ഇറക്കുവാന്‍ സാധിക്കാത്ത അവസ്‌ഥയും ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കുകയാണ് പതിവ്. വിശപ്പ് കുറവ് ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയാണെങ്കില്‍ പരിശോധന ആവശ്യമാണ്. 6. വയറുവേദന കടുത്ത വയറുവേദന, ഇടയ്‌ക്കിടെയുള്ള വയറുവേദന, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ല. വയറ്റിലോ, അന്നനാളത്തിലോ തൊണ്ടയിലോ ഒക്കെയുള്ള കാന്‍സറിന്റെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ പ്രത്യക്ഷപ്പെടുന്നത് ഈ രീതിയിലാവാറുണ്ട്. ഗ്യാസിന്റെയും മറ്റും തകരാറുകൊണ്ടാവാമെന്ന് കരുതി സ്വയം ചികിത്സ എടുക്കുന്നവരുമുണ്ട്. ഇത് ചിലപ്പോള്‍ രോഗം കണ്ടെത്താന്‍ വൈകുന്നതിന് കാരണമാകും. 7. പനിയും വിട്ടുമാറാത്ത ചുമയും മറ്റ് തരത്തിലുള്ള കാരണങ്ങളൊന്നുമില്ലാതെ ഇടവിട്ടുള്ള പനി ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ലൂക്കീമിയ, ലിംഫോമ തുടങ്ങിയ അര്‍ബുദങ്ങള്‍ക്ക് പനി തുടക്കത്തിലേയുള്ള ലക്ഷണമാണ്. എന്നാല്‍ മറ്റ് ചില കാന്‍സറുകള്‍ക്ക് അസുഖം വ്യാപിച്ച ശേഷമായിരിക്കും പനി പ്രത്യക്ഷപ്പെടുക. രക്‌താര്‍ബുദം, വയറിലേയും വന്‍കുടലിലെയും കാന്‍സര്‍ തുടങ്ങിയവയുടെ ലക്ഷണങ്ങളില്‍ ക്ഷീണത്തിന് വലിയ പ്രാധാന്യമുണ്ട്. മൂന്നോ നാലോ ആഴ്‌ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന വിട്ടുമാറാത്ത ചുമയും പരിശോധനാ വിധേയമാക്കേണ്ടതാണ്. ശ്രദ്ധിക്കുക ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുക എന്നതാണ് പ്രധാനം. രോഗനിര്‍ണയത്തില്‍ കാന്‍സര്‍ ബാധിതനാണ് എന്ന് തിരിച്ചറിഞ്ഞാല്‍ എത്രയും പെട്ടെന്ന് തന്നെ വിദഗ്‌ധ ചികിത്സ ആരംഭിക്കേണ്ടതാണ്. കാന്‍സര്‍ ഭേദമാക്കാന്‍ ഒറ്റമൂലികളോ, എളുപ്പവഴികളോ ഇല്ല എന്ന് ഓര്‍ക്കുക. കൃത്യമായ ചികിത്സ ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ കൃത്യമായി പാലിക്കുക എന്നത് തന്നെയാണ് കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ വഴി. കടപ്പാട്:ഡോ. നായരായണന്‍കുട്ടി വാരിയര്‍ സീനിയര്‍ കണ്‍കള്‍ട്ടന്റ് ആന്‍ഡ് എച്ച്.ഓ.ഡി. മിംമ്‌സ് ഓങ്കോളജി സെന്റര്‍ മിംമ്‌സ് ഹോസ്‌പിറ്റല്‍, കോഴിക്കോട് | |
Posted by : admin, 2015 Jun 04 07:06:29 pm |