ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ..
ബാലുശ്ശേരി-കോഴിക്കോട് നരിക്കുനി റൂട്ടുകളില്‍ സ്വകാര്യബസ്സുകളുടെ അധിവേഗം കാരണം അപകടം തുടര്‍ക്കഥയാവുന്നു. ശനിയാഴ്ച രാവിലെ ചേളന്നൂര്‍ വില്ലേജ് ഓഫീസിന് സമീപത്തുണ്ടായ അപകടത്തിനുകാരണം നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ്സിന്റെ മിന്നല്‍ വേഗതയാണ്. ബാലുശ്ശേരി റൂട്ടില്‍ ബസ് അസോസിയേഷന് സൊസൈറ്റി രൂപവത്കരിച്ച് ഉടമകളുടെ സഹകരണത്തോടെ പുതിയ സംവിധാനം നിലവില്‍ വന്നെങ്കിലും മത്സരയോട്ടം പൂര്‍ണമായും ഇല്ലാതായിട്ടില്ല. ഈ റൂട്ടില്‍ മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ബസ്സുകള്‍ക്ക് പെര്‍മിറ്റുള്ളത്. നരിക്കുനിയില്‍നിന്ന് പെരുമ്പൊയില്‍ വഴിയും പാലത്ത് പുല്ലാളൂര്‍ വഴിയും കോഴിക്കോട്ടേക്ക് ബസ്സുകള്‍ ബാലുശ്ശേരി റോഡ് വഴി സര്‍വീസ് നടത്തുന്നുണ്ട്. വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ട്രാഫിക്ക് പോലീസും മറ്റും റോഡിലിറങ്ങുന്നത്. ദുരന്തങ്ങള്‍ ജനം മറക്കുമ്പോള്‍ സ്ഥിതി പഴയതുതന്നെ. അധിക വേഗതയിലോടിക്കാന് കഴിവുള്ള ചെറുപ്പക്കാരെയാണ് ബസ്സുടമകള്‍ ഡ്രൈവര്‍മാരായി നിയമിക്കുന്നത്. ഇവരുടെ വളയത്തിന്മേലുള്ള അഭ്യാസപ്രകടനം പലപ്പോഴും യാത്രക്കാരെ അപകടത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. കഴിഞ്ഞദിവസം സ്വകാര്യബസ്സിലെ ഡ്രൈവര്‍ ബസ് ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചതിനെച്ചൊല്ലി കക്കോടിഭാഗത്ത് യാത്രക്കാരുമായി തര്‍ക്കമുണ്ടായി. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും മറ്റ് വാഹനങ്ങളും പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്. | |
Posted by : admin, 2015 May 31 06:05:14 pm |