2015 May 28 | View Count: 403

നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് മെയ് 31-ന് തുറക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനവും അന്ന് നടത്തും. മൂന്നുമണിക്ക് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ബസ് സ്റ്റാന്‍ഡിന് സ്ഥലം നല്‍കിയവര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ഒ.എം. ഗോവിന്ദന്‍കുട്ടി നായരുടെ ഫോട്ടോ അനാച്ഛാദനവും എം.കെ. രാഘവന്‍ എം.പി. നിര്‍വഹിക്കും. 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തിയ വാര്‍ഡുകള്‍ക്കുള്ള സമ്മാനദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ െക. ജമീല നിര്‍വഹിക്കും. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ ജില്ലാകളക്ടര്‍ എന്‍. പ്രശാന്ത് നല്‍കും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഗ്രാമപ്പഞ്ചായത്ത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ 16-ാം വാര്‍ഡാണ് ഒന്നാംസ്ഥാനം നേടിയത്. രണ്ടാംസ്ഥാനം 7-ാം വാര്‍ഡും 3-ാം സ്ഥാനം 15-ാം വാര്‍ഡും നേടി. ഒന്നാംസ്ഥാനം നേടിയ വാര്‍ഡിന് 5 ലക്ഷം രൂപയും, 2, 3 സ്ഥാനം നേടിയ വാര്‍ഡുകള്‍ക്ക് 3 ലക്ഷവും ഒരു ലക്ഷവും ലഭിക്കും. സമ്മാനത്തുക വികസനപദ്ധതികള്‍ക്ക് ഉപയോഗിക്കാം. സ്റ്റാന്‍ഡിനോടനുബന്ധിച്ച് കൂടുതല്‍ ബസ്സുകള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിന് പദ്ധതി തയ്യാറാക്കും. ജൂണ്‍ ആദ്യവാരം ബാലുശ്ശേരി സി.ഐ., ആര്‍.ടി.ഒ. എന്നിവര്‍ ഉള്‍പ്പെടുന്ന ഗതാഗത ഉപദേശകസമിതി യോഗം ചേര്‍ന്ന് ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതില്‍ തീരുമാനമുണ്ടാക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. ശ്രീധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. ശ്രീധരന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ടി. പക്കര്‍, എം.കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. ആലി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു. 

Posted by : admin, 2015 May 28 10:05:58 am