2015 May 22 | View Count: 441

 ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രവര്‍ത്തിക്കുന്ന മലബാറിലെ ആദ്യത്തെ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.
സ്ഥാപനത്തിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഇതേവരെ ലഭ്യമായിട്ടില്ല. പത്ത് ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കാനുള്ളത്. ഈ തുക സ്ഥാപനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിച്ചിരുന്നത്.
ഗ്രാമീണമേഖലയിലെ യുവതീയുവാക്കള്‍ക്ക് ഭക്ഷ്യ സംസ്‌കരണത്തില്‍ പരിശീലനം നല്‍കുന്നതിനും സംസ്‌കരണം നടത്തുന്നതിനുമായിരുന്നു കേന്ദ്ര ഗ്രാമിവികസന വകുപ്പ് ഭക്ഷ്യ സംസ്‌കരണകേന്ദ്രം സ്ഥാപിച്ചത്. 2003-ല്‍ ആരംഭിച്ച സ്ഥാപനം പിന്നീട് സംസ്ഥാന ഗ്രാമവികസനവകുപ്പിന് കൈമാറി. മുന്‍ മന്ത്രിയും ബാലുശ്ശേരി എം.എല്‍.എ.യുമായിരുന്ന എ.സി. ഷണ്‍മുഖദാസിന്റെ പരിശ്രമഫലമായാണ് സ്ഥാപനം അനുവദിച്ചത്.
നെല്ലുകുത്ത്‌കേന്ദ്രം, ബേക്കറി ഉത്പന്ന നിര്‍മാണം, വിവിധ തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍, വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് എന്നിവയെല്ലാം ഈ കേന്ദ്രത്തിലുണ്ടായിരുന്നു. പരിശീലനത്തിനെത്തുന്നവര്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റല്‍ സംവിധാനവും ഭക്ഷ്യസംസ്‌കരണകേന്ദ്രത്തോട് ചേര്‍ന്നുണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം പേരിനുമാത്രമാണ്. സോഡ യൂണിറ്റ്, അച്ചാര്‍, ജാം നിര്‍മാണ യൂണിറ്റുകള്‍, ബേക്കറി പലഹാരം നിര്‍മിക്കല്‍ എന്നീ ചെറിയ യൂണിറ്റുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ഒരു ഡയറക്ടറും അഞ്ച് ഉദ്യോഗസ്ഥന്മാരമുള്ള സര്‍ക്കാര്‍ സ്ഥാപനം പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത അവസ്ഥയിലാണുള്ളത്. ഇപ്പോഴുള്ള ഡയറക്ടര്‍ വിവിധ പദ്ധതികള്‍ ആസൂത്രണംചെയ്‌തെങ്കിലും സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാത്തതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന് ഗ്രാന്റ് യഥാസമയം നല്‍കണമെന്നാവശ്യപ്പെട്ട് പുരുഷന്‍ കടലുണ്ടി എം.എല്‍.എ. മൂന്നുതവണ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തെ കുടുംബശ്രീക്ക് കൈമാറാനുള്ള രേഖാപരമായ നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍നടപടികള്‍ ഇഴയുകയാണ്. സ്ഥാപനം ബ്ലോക്ക് പഞ്ചായത്തിനെ ഏല്പിക്കണമെന്നാവശ്യവും ഉയര്‍ന്നിരുന്നു. അതും നടപ്പിലായില്ല.
ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ ഇതിനകം തുരുമ്പെടുത്തുകഴിഞ്ഞു. ഈ ഉപകരണങ്ങള്‍ മെയ് 28-ന് ഓഫീസ്​പരിസരത്ത് ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മൂന്ന് വലിയ കെട്ടിടങ്ങള്‍ ഈ സ്ഥാപനത്തിനുണ്ട്. ഇവയെല്ലാം പേരിനുമാത്രമാണ് ഉപയാഗപ്പെടുത്തുന്നത്.
സ്ഥാപനത്തില്‍നിന്നും സര്‍ക്കാറിലേക്ക് വര്‍ഷത്തില്‍ 70,000 രൂപ മാത്രമാണ് ലഭിക്കുന്നത്. സ്ഥാപനത്തില്‍ ഇപ്പോഴുള്ള ജീവനക്കാരെയും മറ്റു സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാല്‍ നൂറുകണക്കിന് യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന സ്ഥാപനമാക്കി ഇതിനെ മാറ്റാന്‍ കഴിയും.

Posted by : admin, 2015 May 22 12:05:31 pm