2015 May 05 | View Count: 397

 തകര്‍ന്നുവീഴാറായ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി സബ് പോസ്റ്റോഫീസിന് മഴക്കാലമടുത്തിട്ടും ശാപമോക്ഷമായില്ല.
പത്തോളം ജീവനക്കാര്‍ ജോലിചെയ്യുന്ന പോസ്റ്റോഫീസ് കെട്ടിടം ഏതുസമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. മഴയത്ത് ചോര്‍ന്നൊലിച്ച് രേഖകള്‍ നശിക്കുന്നതിനാല്‍ ജീവനക്കാര്‍ താത്കാലികമായി പഴകിയ കെട്ടിടത്തെ ടാര്‍പോളിന്‍ ഷീറ്റ് പുതപ്പിച്ചിരിക്കുന്നു. ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞ് മുറികള്‍ക്കകത്തേക്ക് വീണുതുടങ്ങിയിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ജീവനക്കാര്‍ ഭയത്തോടെയാണ് ജോലി ചെയ്യുന്നത്. പഴകിദ്രവിച്ച മുറികള്‍ക്കകത്ത് ഇഴജീവികളും കൂടുകെട്ടിത്തുടങ്ങിയിട്ടുണ്ട്. കാറ്റില്‍ ടാര്‍പോളിന്‍ ഷീറ്റ് നീങ്ങുന്നതിനാല്‍ മഴവെള്ളം ഒലിച്ചിറങ്ങുന്നത് വിലപ്പെട്ട രേഖകളുള്ള മുറികളിലേക്കാണ്. ബാലുശ്ശേരിയുടെ ഹൃദയഭാഗത്ത് പോസ്റ്റോഫീസിനുവേണ്ടി സ്ഥലം വാങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ ഇതേവരെയായിട്ടില്ല. വാടകക്കെട്ടിടം ഒഴിഞ്ഞുകിട്ടാന്‍ കെട്ടിടഉടമ ആഗ്രഹിക്കുന്നതിനാല്‍ പഴകിയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും നടക്കുന്നില്ല. തൊട്ടടുത്ത സ്ഥലത്തുനിന്നും കാട്ടുചെടികള്‍ പോസ്റ്റോഫീസിനു മുകളിലേക്കാണ് വളരുന്നത്. പോസ്റ്റോഫീസ് കേന്ദ്രീകരിച്ച് ബാങ്കിങ് സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താനൊരുങ്ങുമ്പോഴും ബാലുശ്ശേരി സബ്‌പോസ്റ്റോഫീസ് കെട്ടിടത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്. മഴകനത്താല്‍ കെട്ടിടം അപകടത്തില്‍പ്പെടുമെന്ന ഭീതിയിലാണ് ജീവനക്കാര്‍. 

Posted by : admin, 2015 May 05 10:05:41 am