2015 May 05 | View Count: 367

തണ്ണീര്‍തട നിയമ ഭേദഗതിയെ കൂട്ട്‌ പിടിച്ച്‌ വ്യാപക നികത്തില്‍ തുടങ്ങിയതോടെ ജിയിലെ ഭൂരിഭാഗം പാടങ്ങളും നീര്‍ത്തടങ്ങളും അകാല ചരമത്തിലേക്ക്‌ നീങ്ങുന്നു. നേരമിരുട്ടി വെളുക്കുമ്പോഴേക്കും ഓരോ വയലുകളും ഇല്ലാതാവുകയാണ്‌. നടപടിയെടുക്കേണ്ട ഉദ്യോഗസ്‌ഥരാകട്ടെ നോക്കുകുത്തികളുമായി.

പാടങ്ങല്‍ മോഹവില നല്‍കി വിലയ്‌ക്കെടുത്താണ്‌ വ്യാപകമായ മണ്ണിട്ടുനികത്തല്‍ നടന്നുകൊണ്ടിരിക്കുന്നത്‌. 2008-ലെ തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ ഭേദഗതി വന്നതിനു ശേഷമാണ്‌ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. വ്യവസായ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സംരക്ഷണനിയമത്തില്‍ വന്ന വിട്ട്‌വീഴ്‌ചയാണ്‌ ഭൂമാഫിയ മുതലെടുക്കുന്നത്‌.വര്‍ഷങ്ങളായി കൃഷി നടന്നിരിക്കുന്ന പ്രദേശങ്ങളും ഇങ്ങനെ വലിയവില കിട്ടുന്നതിനാല്‍ സാധാരണക്കാര്‍ വിട്ടുകൊടുക്കുന്നുണ്ട്‌.

നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ ഭയന്ന്‌ രാത്രികാലങ്ങളിലാണ്‌ രേഖ പ്രകാരം ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട പല പ്രദേശങ്ങളില്‍ പോലും നികത്തല്‍ നടക്കുന്നത്‌. ജെ.സി.ബി.യും ടിപ്പര്‍ ലോറികളും ഉപയോഗിച്ച്‌ മണിക്കൂറുകള്‍ കൊണ്ടാണ്‌ വലിയ കുന്നുകളിടിച്ച്‌ വയല്‍ നികത്തുന്നത്‌. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്‌ഥലം നികത്തുമ്പോള്‍ അധികൃതര്‍ കാഴ്‌ചക്കാരായി നോക്കി നില്‍ക്കുകയാണ്‌. മിക്കപ്രദേശങ്ങളിലും ജനകീയപ്രതിഷേധങ്ങള്‍ ശക്‌തമായിട്ടുണ്ടെങ്കിലും ഉദ്യോഗസ്‌ഥ-ഭൂമാഫിയാ കൂട്ട്‌കെട്ട്‌ കാരണം ഇതിന്‌ ഫലം കാണുന്നില്ലെന്ന്‌ ജനങ്ങള്‍ ആരോപിക്കുന്നു.

ജില്ലയിലെ മൂക്കാല്‍ ഭാഗം വയലുകളും ഇന്നിങ്ങനെ അപ്രതൃക്ഷമായിരിക്കുകയാണ്‌. വിവിധ ഇടങ്ങളിലായി നികത്തല്‍ പ്രക്രിയ വേഗത്തിലാവുന്നുമുണ്ട്‌.ജില്ലയിലെ പാടങ്ങളും നീര്‍ത്തടങ്ങളും ഉള്ള എല്ലാ പ്രദേശങ്ങളിലും അനധികൃത പ്രവര്‍ത്തനം നടക്കുന്നു. ഇതു തടയാനായി യാതൊരു വിധത്തിലുള്ള സംവിധാനവും സര്‍ക്കാര്‍്‌ നടത്തുന്നില്ലെന്ന്‌ മാത്രമല്ല പല പ്രദേശങ്ങളിലെ നികത്തല്‍ പ്രക്രിയക്കു ചുക്കാന്‍ പിടിക്കുന്നതിലും അധികൃതരുടെ കൈകളുണ്ട്‌.

 

Posted by : admin, 2015 May 05 08:05:19 am