2014 Sep 09 | View Count: 508

പൂവരശിനെ ഒറ്റവാക്കില്‍ കുപ്പയിലെ മാണിക്യം എന്നു വിളിക്കുന്നു. ചതുപ്പുകളിലും നീര്‍ത്തടങ്ങളിലും ധാരാളമായി കാണുന്ന മരമാണ് പൂവരശ്. പൂപ്പരുത്തി എന്നുകൂടി പേരുള്ള പൂവരശ് കണ്ടല്‍ക്കാടുകളുടെ സഹസസ്യമാണ്. ജലത്തില്‍ നിന്നും കരയിലേക്കുള്ള സസ്യങ്ങളുടെ സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന മരങ്ങളിലൊന്നാണ് പൂവരശ്.
ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു. തടിയൊഴികെ മറ്റെല്ലാം (വേര്, തൊലി, ഇല, പൂവ്, വിത്ത്) ഔഷധമായി ഉപയോഗിക്കുന്നു. തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും. പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും. പൂവരശിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ചൊറിയും ചിരങ്ങും ശമിപ്പിക്കും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് പൂവരശ്. പലരാജ്യങ്ങളിലും പൂവരശിന്റെ ഇളംഇലയും പൂവും ഭക്ഷണമായി ഉപയോഗിക്കുന്നു. വെള്ളത്തടിയോടു ചേര്‍ന്നുള്ള നാര് ബലമുള്ള ഫൈബറായി ഉപയോഗിക്കുന്നു. അകംതൊലി കോര്‍ക്കുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുറംതൊലിയില്‍ നിന്നും ടാനിന്‍ വേര്‍തിരിച്ചെടുത്ത് പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. പല രാജ്യക്കാര്‍ക്ക് അവരുടെ ഈട്ടിമരമാണ് പൂവരശ്.
വിത്ത് പാകിയും കമ്പ് മുറിച്ചുനട്ടും പൂവരശ് കൃഷിചെയ്യാം. കണംകയ്യോളം ചുവടുവണ്ണമുള്ളതും രണ്ടു മീറ്ററോളം നീളമുള്ളതുമായ നേര്‍കമ്പുകളാണ് കൃഷിചെയ്യേണ്ടത്. നട്ടുനനച്ചാല്‍ വേഗം കിളിര്‍ത്തു വരുന്നതിനാല്‍ വിത്തുപാകുന്നതിനേക്കാള്‍ രണ്ടു വര്‍ഷത്തോളം സമയലാഭം ലഭിക്കും. ചാണകം പൂവരശിന് ഒന്നാന്തരം വളമാണ്. കീടബാധയോ രോഗങ്ങളോ സാധാരണയായി പൂവരശിനെ ബാധിക്കാറില്ല. എട്ടുപത്തു വര്‍ഷം കൊണ്ട് പൂവരശിന്റെ തടിക്ക് കാതലുണ്ടാകും.

Posted by : admin, 2014 Sep 09 05:09:28 pm