പരീക്ഷ എഴുതാത്ത വിദ്യാര്‍ഥിക്കും ജയം
പരീക്ഷ എഴുതാത്ത കുട്ടിക്ക് എസ്.എസ്.എല്‍.സി.ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്. ആലക്കോട് എന്‍.എസ്.എസ്. സെക്കന്‍ഡറി സ്‌കൂളിലെ ടി.എ.ധനീഷിനാണ് സി പ്ലസ് ഗ്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഇന്റര്‍നെറ്റുവഴി പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ ധനീഷിന് ഗണിതത്തില്‍ സി പ്ലസും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക് ഇ ഗ്രേഡുമുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ധനീഷിന്റെ റജിസ്‌ട്രേഷന്‍ റദ്ദുചെയ്യാന്‍ ആവശ്യപ്പെടുകയും പരീക്ഷാവിഭാഗം അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നിട്ടും മാര്‍ക്കു ലഭിച്ചത് എങ്ങനെയെന്ന് അറിയില്ല. പരീക്ഷാഭവനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സാങ്കേതിക തകരാറാവാം കാരണമെന്നാണ് അറിയിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. 539832 എന്ന റജിസ്റ്റര്‍ നമ്പറിലാണ് ധനീഷിന്റെ പരീക്ഷാഫലം വന്നിട്ടുള്ളത്. എന്നാല്‍, ഇങ്ങനെയൊരു റജിസ്റ്റര്‍ നമ്പര്‍ സ്‌കൂള്‍ റജിസ്റ്റര്‍ പ്രകാരം നിലവിലില്ല. ഫിബ്രവരി 28-നു മുന്പുതന്നെ ധനീഷിന്റെ റജിസ്‌ട്രേഷന്‍ റദ്ദുചെയ്തുകൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസവകുപ്പില്‍നിന്നും സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പ്രഥമാധ്യാപകന്‍ സി.ഹരികുമാര്‍ രേഖകള്‍സഹിതം സ്ഥിരീകരിക്കുന്നു. | |
Posted by : admin, 2015 Apr 24 12:04:24 pm |