2015 Apr 23 | View Count: 417

അശ്രദ്ധമായ ഡ്രൈവിങ്‌ ബാലുശ്ശേരിയില്‍ അപകടങ്ങളുടെയും ഇതുമൂലമുള്ള മരണ സംഖ്യയും വര്‍ധിക്കുന്നു. പോലീസ്‌ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നതായും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്‌.കേസുകളെല്ലാം പോലീസ്‌ ഒതുക്കി തീര്‍ക്കുന്നതായാണ്‌ നാട്ടുകാരുടെ പരാതി. ഒരാഴ്‌ചക്കുള്ളില്‍ ബാലുശേരി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ വ്യത്യസ്‌ത അപകടങ്ങളില്‍ മൂന്ന്‌ ജീവന്‍ പൊലിഞ്ഞു. മൂന്ന്‌ പേര്‍ സാരമായ പരുക്കുകളോടെ ആശുപത്രി കിടക്കയിലായി. വിഷുവിന്‌ തലേദിവസം തെരുവത്ത്‌ കടവില്‍ ബസും കാറും കൂട്ടിയിടിച്ചാണ്‌ നാദാപുരം കുമ്മങ്കോട്‌ മഹല്ല്‌ ഖാസി ചേനാങ്കണ്ടിയില്‍ മസ്‌ഹൂദ്‌ മുസ്ലിയാര്‍, മകളുടെ ഭര്‍ത്താവ്‌ മുഹമ്മദ്‌ ഖൈസ്‌ എന്നിവര്‍ മരിച്ചത്‌.ഖൈസിന്റെ ഒന്‍പതും നാലും വയസുള്ള രണ്ട്‌ കുട്ടികള്‍ക്ക്‌ സാരമായി പരുക്കേല്‍ക്കുകയും ചെയ്‌തു.കഴിഞ്ഞ ഞായറാഴ്‌ച നന്മണ്ട 14 ല്‍ സ്‌ക്കൂട്ടറും കാറും കൂട്ടിയിടിച്ച്‌ സ്‌ക്കൂട്ടര്‍ യാത്രക്കാരനായ വെങ്ങളം സ്വദേശി വഴിപോക്കില്‍ ഷമീര്‍ എന്ന അന്‍പതുകാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ജമീല മെഡിക്കല്‍ കോളേജ്‌ ആശപത്രിയില്‍ ചികിത്സയിലാണ്‌. അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ കണ്ടിയില്‍ സനിലേഷ്‌ അപകടമുണ്ടായ ഉടനെ ഓടി രക്ഷപ്പെട്ടു.ഇതുവരെ സേ്‌റ്റഷനില്‍ ഹാജരായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നും മദ്യപിച്ച്‌ ബൈക്ക്‌ ഓടിച്ചതിന്‌ ഇയാളുടെ പേരില്‍ ബാലുശ്ശേരി പോലീസില്‍ ഒരു കേസ്‌ നില നില്‍ക്കുന്നതായും പോലീസ്‌ പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ്‌ ആണ്‌ രണ്ട്‌ അപകടങ്ങള്‍ക്കും കാരണമായതെന്ന്‌ പോലീസ്‌ സമ്മതിക്കുന്നുണ്ടങ്കിലും അത്‌ റിപ്പോര്‍ട്ടിലെഴുതാന്‍ പോലീസ്‌ തയാറാവുന്നില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കുന്നതിന്‌ വിഖാതമാവുമെന്നാണ്‌ പോലീസ്‌ ഇതിന്‌ കാരണമായി പറയുന്നത്‌.

Posted by : admin, 2015 Apr 23 06:04:12 pm