2015 Apr 08 | View Count: 354

ഏത് അടിയന്തര സാഹചര്യത്തിലും രാജ്യത്തിന്‍െറ മുക്കിലും മൂലയിലുംനിന്ന് ബന്ധപ്പെടാന്‍ ഇനി 112 എന്ന ഒറ്റ നമ്പറില്‍ വിളിച്ചാല്‍ മതി. അടിയന്തര ആവശ്യങ്ങള്‍ക്ക് ഏകീകൃത നമ്പര്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ടു.വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള വിവിധ അടിയന്തര നമ്പറുകള്‍ ഒഴിവാക്കിയാണ് ഇന്‍റഗ്രേറ്റഡ് എമര്‍ജന്‍സി കമ്യൂണിക്കേഷന്‍ റെസ്പോണ്‍സ് സംവിധാനം അടിസ്ഥാനമാക്കി ഏകീകൃത നമ്പര്‍ സ്ഥാപിക്കുക. മൊബൈല്‍, ലാന്‍ഡ് ഫോണുകളില്‍നിന്ന് 112ലേക്ക് വരുന്ന ഏത് ഫോണ്‍ വിളിക്കും പബ്ളിക് സേഫ്റ്റി ആന്‍സറിങ് പോയന്‍റ് (പി.എസ്.എ.പി) എന്ന കാള്‍ സെന്‍ററില്‍നിന്ന് മറുപടി ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പി.എസ്.എ.പി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നിലവിലുള്ള 100, 101, 102, 108 തുടങ്ങിയ നമ്പറുകളിലേക്ക് വരുന്ന വിളികള്‍ 112ലേക്ക് തിരിച്ചുവിടും. കാളുകള്‍ കാര്യമായി കുറഞ്ഞാല്‍ ഇതര അടിയന്തര നമ്പറുകള്‍ പൂര്‍ണമായും എടുത്തുമാറ്റും. കാളുകള്‍ തടഞ്ഞതും താല്‍ക്കാലികമായി പ്രവര്‍ത്തനംനിലച്ചതുമായ നമ്പറുകളില്‍നിന്നും 112ലേക്ക് വിളിക്കാം.
എസ്.എം.എസ് അയച്ചും ബന്ധപ്പെടാം. വിളിക്കുന്ന ആളുടെയും സ്ഥലത്തിന്‍െറയും വിവരങ്ങള്‍ ടെലികോം കമ്പനികള്‍ ഐ.ഇ.സി.ആര്‍ സംവിധാനത്തിന് കൈമാറണം. ഇതിനായി മെട്രോ നഗരങ്ങളിലായി നാല് പ്രാദേശിക വിവരശേഖര കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ബി.എസ്.എന്‍.എല്ലിനോട് ട്രായ് നിര്‍ദേശിച്ചു. ഐ.ഇ.സി.ആര്‍ സംവിധാനം തുടങ്ങാനും ഏകോപിക്കാനും ടെലികോം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അടങ്ങുന്ന ഒരു ഏജന്‍സി തുടങ്ങണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Posted by : admin, 2015 Apr 08 10:04:39 am