ജനങ്ങളെ പച്ചരി മാത്രം തീറ്റിച്ച് റേഷൻ കടകൾ
ജില്ലയിലെ റേഷന്‍ കടകളില്‍ അരിക്ഷാമം രൂക്ഷം. കഴിഞ്ഞ രണ്ടു മാസമായി റേഷന്‍ കടകള്‍ വഴി പച്ചരി മാത്രമാണ് വിതരണം ചെയ്യുന്നത്. റേഷന്‍ വ്യാപാരികള്‍ സിവില്‍ സപ്ലൈസില്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. എ.പി.എല്‍. കാര്‍ക്കുള്ള അരി വിതരണമാണ് പൂര്‍ണമായും മുടങ്ങിയത്. ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് ലഭ്യമാവുന്ന അരി വിതരണം ചെയ്യന്നുണ്ട്. പച്ചരി തുടര്‍ച്ചയായി ലഭിക്കുന്നതിനാല്‍ റേഷന്‍ കടകളില്‍ ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.അതേസമയം പൊതുജനങ്ങള്‍ക്കു പച്ചരിയാണ് വേണ്ടെതെന്നും അതിനാണ് വിപണയില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതെന്നുമാണു സപ്ലൈ ഓഫീസില്‍ നിന്നു ലഭിക്കുന്ന മറുപടി. വെള്ളയിലുള്ള സര്‍ക്കാര്‍ ഗോഡൗണിനു കീഴിലുള്ള മുന്നൂറ്റമ്പതോളം റേഷന്‍ കടകളിലാണ് അരിക്ഷാമം.ഇവിടെ അരി ഇറക്കാന്‍ വേണ്ട സൗകര്യമില്ലാത്തതാണ് റേഷന്‍ കടകളിലെ അരിക്ഷാമത്തിന് കാരണം. റേഷന്‍ കടകളിലേക്കുള്ള അരി സ്വകാര്യ ഏജന്‍സികള്‍ വഴി വിപണിയിലെത്തുന്നുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് വെള്ളയില്‍ ഗോഡൗണ്‍ പരിധിയില്‍ വരുന്ന റേഷന്‍ കടക്കാരില്‍ പലരും ബേപ്പൂരിലുള്ള സര്‍ക്കാര്‍ ഗോഡൗണിലേക്ക് ലൈസന്‍സ് പുതുക്കിനല്കാന് ആവശ്യപ്പെട്ടിരുന്നു.പൊതു വിപണിയില്‍ അരി വില 36 രൂപ വരെയുള്ള സാഹചര്യത്തില്‍ മാവേലി സ്റ്റോറുകളില്‍ 16 മുതല്‍ 21 രൂപ വരെ സബ്സിഡി നിരക്കില്‍ അരി ലഭിക്കുന്നുണ്ട്. എന്നാല്‍ ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് മാസം 25 കിലോ അരി ഒരു രൂപാ നിരക്കിലും എ.പി.എല്‍ മറ്റു വിഭാഗങ്ങള്‍ക്ക് മാസം ഒന്‍പത് കിലോ അരി രണ്ടു രൂപ നിരക്കിലുമാണ് ലഭിക്കുന്നത്. ഇങ്ങനെ രണ്ടു മാസം 50 കിലോ പച്ചരി ലഭിക്കുന്നതിനാലാണ് റേഷന്‍ കടകളില്‍ ആളുകളുടെ വരവ് കുറഞ്ഞത്. | |
Posted by : admin, 2015 Apr 08 10:04:22 am |