2014 Sep 09 | View Count: 473

എലഫന്റോപസ് സ്കാബര്‍ (Elephantopus scaber) എന്നാണ് ആനച്ചുവടിയുടെ ശാസ്ത്രനാമം. ആനയുടെ കാല്‍ മണ്ണില്‍ പതിഞ്ഞപോലെ നിലംപറ്റി വളരുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ആനച്ചുവടി എന്ന വിശേഷണമുണ്ടായത്. ഇതിനെ ഇംഗ്ലീഷില്‍ എലഫന്റ്സ് ഫൂട്ട് (Elephant’s Foot) എന്നാണ്അറിയപ്പെടുന്നത്. ഒരു മുഖ്യ അക്ഷത്തിനു ചുറ്റുമായി പശുവിന്റെ നാക്കുപോലുള്ള 10-15 ഇലകള്‍ മണ്ണില്‍ ചേര്‍ന്ന് വിന്യസിക്കപ്പെട്ടിരിക്കും. ഇതിന്റെ ഓരോ ഇലയ്ക്കും 8-10 സെ.മീ. നീളവും 5-6 സെ.മീ. വീതിയുമുണ്ടാകും. മധ്യഭാഗത്തുനിന്നും 8-10 സെ.മീ. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു തണ്ടിലാണ് പൂവുണ്ടാവുക.
സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ പ്രകാരം കയ്പുരസവും ശീതവീര്യവുമുള്ള ആനച്ചുവടിയില്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം,ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിനെതിരായും കാന്‍സറിനെതിരായും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടിതിന്. കുടല്‍രോഗങ്ങല്‍ക്കെതിരെയും വളരെ ഫലപ്രദമാണ് ഈ സസ്യം. സമൂലം വെന്ത കഷായം കുടിച്ചാല്‍ ആമാശയ രോഗങ്ങളും അര്‍ശസും ശമിക്കും. ആനച്ചുവടി നീരും കടുക്കാത്തോടും അരച്ചുചേര്‍ത്ത് സേവിച്ചാല്‍ അഞ്ചാംപനി മാറും. ഇത് സമൂലം അരച്ച് പാലില്‍ സേവിച്ചാല്‍ വസൂരിശമിക്കുന്നതാണ്. ഭക്ഷ്യവിഷവും ജന്തുവിഷവും മാറും. ചെടി സമൂലം അരച്ച് മുറിവില്‍ പുരട്ടിയാല്‍ വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന വിഷവും മുറിവും മാറുന്നതാണ്. കൂടാതെ മുടിയ്ക്ക് വളര്‍ച്ചയും ആരോഗ്യവും തരുന്ന നല്ലൊരു താളിയും കൂടിയാണ് ആനച്ചുവടി.

Posted by : admin, 2014 Sep 09 05:09:38 pm