2015 Mar 16 | View Count: 403

ബാലുശേരി പഞ്ചായത്തില്‍ ജപ്പാന്‍ കുടിവെള്ളത്തിനായി പണമടച്ചു കാത്തു നില്‍ക്കുന്ന മൂന്നു വാര്‍ഡുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ പദ്ധതിയില്‍പ്പെടാതെ ത്രിശങ്കുവിലായി. പദ്ധതിയുടെ ജല വിതരണ സംവിധാനം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ്‌ 16, 17 വാര്‍ഡുകള്‍ പൂര്‍ണ്ണമായും രണ്ടാം വാര്‍ഡ്‌ ഭാഗികമായും പദ്ധതിക്കു പുറത്തായത്‌.ബാലുശേരി പഞ്ചായത്തിനെ പൂര്‍ണ്ണമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ രണ്ടു വാര്‍ഡുകളില്‍ പൈപ്പിടല്‍ ജോലി തുടങ്ങിയിട്ടില്ല. അടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍ ജല വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി നില്‍ക്കവെയാണ്‌ പഞ്ചായത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ തല പൊക്കിയത്‌.തങ്ങളുടെ പ്രദേശത്ത്‌ കുടിവെള്ളമെത്തിക്കാതെ മറ്റു വാര്‍ഡുകളില്‍ ജല വിതരണം നടത്താന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ്‌ പ്രദേശവാസികള്‍.ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന ജലസംഭരണിയുടെ അവസ്‌ഥ വിലയിരുത്താന്‍ വന്ന സൈറ്റ്‌ എന്‍ജിനീയര്‍ മാലതിയെ കോക്കല്ലൂരില്‍ ചെന്ന്‌ പഞ്ചായത്ത്‌ വികസന കാര്യ ചെയര്‍മാന്‍ എം.രാഘവന്‍, വാര്‍ഡ്‌ അംഗങ്ങളായ പി. ദേവയാനി , ഇന്ദിര എന്നിവര്‍ കാര്യങ്ങള്‍ ധരിപ്പിരുന്നു. എന്നാല്‍ ജല അതോറിറ്റി ജപ്പാന്‍ പദ്ധതി ഉദ്യോഗസ്‌ഥര്‍ക്ക്‌ നല്‍കിയ പ്ലാനില്‍ ഈ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന മറുപടിയാണ്‌ സൈറ്റ്‌ എഞ്ചിനീയര്‍ ജനപ്രതിനിധികള്‍ക്ക്‌ നല്‍കിയത്‌.ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വാര്‍ഡുകളിലൊന്നാണ്‌ പറമ്പിന്‍മുകള്‍ ഉള്‍പ്പെടുന്ന പതിനേഴാം വാര്‍ഡ്‌. കുഴല്‍കിണര്‍ പോലും ഇവിടെ പരാജയമാണ്‌. മിക്ക വീടുകളിലും കിണര്‍പോലുമില്ലാത്ത അവസ്‌ഥയാണ്‌.പള്ളി കമ്മറ്റികളും മറ്റും ഏര്‍പ്പെടുത്തിയ പൈപ്പു വെള്ളത്തെയാണ്‌് മിക്ക കുടുംബങ്ങളും ആശ്രയിക്കുന്നത്‌. കൂടിക്കാഴ്‌ച്ചക്കൊടുവില്‍ ജല അതോറിറ്റിയുമായി പ്രശനം ചര്‍ച്ച ചെയ്‌ത് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കുടിവെള്ളമെത്തിക്കാന്‍ സംവിധാനമൊരുക്കുമെന്ന്‌്് സൈറ്റ്‌ എഞ്ചിനീയര്‍ ഉറപ്പു നല്‍കിയതായി ജനപ്രതിനിധികള്‍ അറിയിച്ചു.

Posted by : admin, 2015 Mar 16 12:03:20 pm