2015 Feb 22 | View Count: 504

ഏഴുലക്ഷം രൂപ മുടക്കി ബാലുശ്ശേരി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ നിര്‍മിച്ച ഇ-ടോയ്‌ലറ്റ് ആര്‍ക്കുംവേണ്ടാതെ നശിക്കുന്നു. ടോയ്‌ലറ്റുകള്‍ക്കിടയില്‍ ഓട്ടോഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും കയ്പ കൃഷി നടത്തുകയാണിപ്പോള്‍. പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്നതിനാലാണ് രണ്ട് ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഇതിനായി ഏഴ് ലക്ഷം രൂപയും അനുവദിച്ചിരുന്നു. കെല്‍ട്രോണ്‍ കമ്പനിയാണ് ടോയ്‌ലറ്റിന്റെ നിര്‍മാണവും അറ്റകുറ്റപണികളും നടത്തിയിരുന്നത്. തുടക്കം മുതല്‍തന്നെ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു.
ടോയ്‌ലറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും പ്രവര്‍ത്തിച്ച ദിവസങ്ങളുടെ എണ്ണം വളരെ കുറവാണ്. ടോയ്‌ലറ്റില്‍ അറ്റകുറ്റപണികളും നടത്തുന്നില്ല. കയ്പച്ചെടികള്‍ വളര്‍ന്ന് ടോയ്‌ലറ്റിലേക്ക് പടര്‍ന്നു. ടോയ്‌ലറ്റ് പ്രാഥമികാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയില്ലെങ്കിലും കൃഷിയെങ്കിലും നടക്കട്ടെ എന്ന നിലപാടാണ് നാട്ടുകാര്‍ക്കുള്ളത്.

Posted by : admin, 2015 Feb 22 09:02:28 am