2015 Feb 19 | View Count: 465

അസാധാരണവും മാരകവുമായ രോഗം ബാധിച്ച് കൈകാലുകള്‍ നഷ്ടപ്പെട്ട് ദുരിതജീവിതം നയിക്കുന്ന കുറുമ്പൊയില്‍ മണ്ടോത്തുംമൂലയില്‍ ബാലനും സഹോദരി ബിന്ദുവിനും കുരുവട്ടൂര്‍ വില്ലേജിലെ കുരുവെട്ടിപ്പാറയില്‍ ഗതാഗതസൗകര്യമുള്ള മൂന്ന് സെന്റ് സ്ഥലം ലഭിച്ചു.സ്ഥലത്തിന്റെ രേഖകള്‍ കോഴിക്കോട് തഹസില്‍ദാര്‍ രോഷ്ണി നാരായണന്‍ ഇരുവര്‍ക്കും കൈമാറി. 2014-ല്‍ കോഴിക്കോട്ട് നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ ഹാജരായ ബാലനും ബിന്ദുവിനും ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയും വീട് നിര്‍മിക്കാന്‍ ഗതാഗതസൗകര്യമുള്ള ഒരിടത്ത് മൂന്ന് സെന്റ് സ്ഥലവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. ചികിത്സയ്ക്കുള്ള തുക കഴിഞ്ഞവര്‍ഷം ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, പനങ്ങാട് പഞ്ചായത്തില്‍ ഗതാഗത യോഗ്യമായ സ്ഥലം സര്‍ക്കാറിന്റെ കൈവശം ഇല്ലാതിരുന്നതിനാല്‍ നല്‍കല്‍ വൈകുകയായിരുന്നു.
കുരുവട്ടൂര്‍ വില്ലേജില്‍ സ്ഥലം കണ്ടെത്തി സ്ഥലത്തിന്റെ രേഖകളാണ് ഇവര്‍ക്ക് കൈമാറിയത്. കുറുമ്പൊയില്‍ മലമുകളില്‍ ഗതാഗതസൗകര്യമില്ലാത്ത സ്ഥലത്ത് താമസിക്കുന്ന ബാലനും ബിന്ദുവിനും ചികിത്സ ലഭ്യമാക്കാന്‍ ആസ്​പത്രിയില്‍
എത്തിക്കാന്‍ ബന്ധുക്കളും പ്രദേശവാസികളും പെടാപ്പാട് പെടുകയായിരുന്നു. ഗതാഗതയോഗ്യമായ സ്ഥലംലഭിച്ചതോടെ ഇവിടെ ഒരു വീട് നിര്‍മിച്ചാല്‍ ഇവരുടെ ദുരിതത്തിന് ഒരു പരിധിവരെ അറുതിയാവും. ഇനി വീട് നിര്‍മിക്കാന്‍ ഉദാരമതികളുടെ സഹായം ഇവര്‍ക്കുവേണം.

 

 

 

                                             Posted by Administrator,Balussery Online

Posted by : admin, 2015 Feb 19 07:02:58 pm