2015 Jan 21 | View Count: 595


 

 

 

 

 

 

 

 

 

 

കംപ്യൂട്ടറില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാ നേവയ്യ. പക്ഷേ കംപ്യൂട്ടര്‍ സ്ഥിരം ഉപയോഗി ക്കുന്നവര്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിലതു ചിന്തിച്ചാല്‍ നന്ന്. കണ്ണുവേദന, തലവേദന, നടുവേദന, ക്ഷീണം തുടങ്ങിയ സംഗതികളൊക്കെ കംപ്യൂട്ടര്‍ ജീവികളെ കാത്തിരിക്കുന്നുണ്ട്. കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പ് ശരിയാക്കുകയാണ് ആരോഗ്യം സംരക്ഷിക്കാന്‍ അത്യാവശ്യമായി ചെയ്യേണ്ടത്. കസേരയുടെയും കീബോര്‍ഡിന്റെയും മോണിട്ടറിന്റെയും സ്ഥാനം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നീണ്ട ഉപയോഗം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാം.
മോണിട്ടറും കീബോര്‍ഡും ഉപയോഗിക്കുന്ന ആളുടെ നേരെ മുന്നില്‍ത്തന്നെ വരണം. കീബോര്‍ഡും മോണിട്ടറും മാറിമാറി ശ്രദ്ധിക്കേണ്ടിവരുമ്പോള്‍ കഴുത്തിനും കണ്ണിനും ആയാസമുണ്ടാകുന്നത് ഒഴിവാക്കാം.മോണിട്ടറും കണ്ണും തമ്മില്‍ 20-24 ഇഞ്ച് അകലമുണ്ടാകുന്നതു നന്ന്. നേരെയുള്ള നോട്ടത്തിന്റെ ലെവലിനെക്കാള്‍ ഉയരെയാകരുത് സ്ക്രീന്‍. അല്‍പം താഴെയാകുന്നതു കൂടുതല്‍ നല്ലത്.

മൌസും കീ ബോര്‍ഡും ഒരേ പ്രതലത്തിലായിരുക്കണം. അങ്ങനെയല്ലെങ്കില്‍ മൌസിനുപകരം കീബോര്‍ഡ് കമാന്‍ഡുകള്‍ ഉപയോഗിക്കുക.തോളുകളില്‍ ബലം കൊടുക്കാതെ ഇരിക്കണം. വിരലുകള്‍ കീബോര്‍ഡിലെത്തിക്കാന്‍ കൈ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യേണ്ടിവരരുത്. കൈ നേരേ വയ്ക്കാനാവുംവിധം കസേര ക്രമീകരിക്കുക.

കാല്‍പ്പാദം തറയിലോ ഫുട്റെസ്റ്റിലോ പൂര്‍ണമായി ചവിട്ടുന്നനിലയില്‍ ഉറപ്പിക്കണം. തുടകള്‍ തിരശ്ചീനമായിരി ക്കുകയും (തറയ്ക്കു സമാന്തരം) വേണം. നടുവിനു താങ്ങുനല്‍കുംവിധം ചാരാനാകുന്ന കസേരയാണ് ഉപയോഗിക്കേണ്ടത്.

കസേരയില്‍ വളഞ്ഞുതൂങ്ങിയിരിക്കരുത്. എപ്പോഴും ആവശ്യമായി വരുന്ന വസ്തുക്കള്‍ കയ്യെത്തുംദൂരത്തു വയ്ക്കാന്‍ ശ്രമിക്കുക. 20-30 മിനിട്ട് കൂടുമ്പോഴെങ്കിലും എഴുന്നേറ്റ് അല്‍പം നടക്കുക. സ്ട്രെച്ചിങ് എക്സര്‍സൈസുകളുമാകാം.
ഗെയറും പ്രതിബിംബനവും (റിഫ്ലക്ഷന്‍)ഉണ്ടാക്കും വിധം അമിത പ്രകാശം (വെയിലായാലും വൈദ്യുത വെളിച്ചമായാലും) സ്ക്രീനില്‍ വീഴാന്‍ ഇടയാക്കരുത്. 

കണ്ണിന് 15-20 മിനിട്ട് കൂടുമ്പോഴെങ്കിലും വിശ്രമം നല്‍കുക. ഇതിനായി ദൂരെയുള്ള ഏതെങ്കിലും വസ്തുവില്‍ കണ്ണുനട്ട് അല്‍പനിമിഷങ്ങള്‍ ഇരിക്കുക. കണ്ണ് ചിമ്മുന്നത് കണ്ണിലെ വരള്‍ച്ച ഒഴിവാക്കും.

Posted by : admin, 2015 Jan 21 08:01:17 pm