| ശിരോ രോഗങ്ങള്‍
ശിരോ രോഗികള്‍ക്കുള്ള ഭക്ഷണക്രമവും ജീവിതക്രമവും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നുണ്ട്. ആട്ടിന്‍മാംസം, പഴകിയ ചെന്നല്ലരി, ചെറുപയര്‍, പഴം, മുതിര, ഉഴുന്ന്, പഴകിയ നെയ്യ്, ചൂടുപാല്‍, മുന്തിരി, നെല്ലിക്ക, പടവലങ്ങ, മാതളപ്പഴം എന്നീ ഭക്ഷണങ്ങള്‍ ശിരോരോഗികള്‍ക്ക് ഉത്തമമാണ്. ദുഷിച്ച ജലം, പകലുറക്കം, അമിത മാനസിക വിക്ഷോഭം, വേഗധാരണം, പുളി, എരിവ്, ഉപ്പ് എന്നീ രസങ്ങളടങ്ങിയ ഭക്ഷണങ്ങളുടെ അമിതോപയോഗം എന്നിവ ശിരോ രോഗികള്‍ക്ക് നിഷിദ്ധമാണ്.
ശിരസ്സിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ക്കുള്ള പ്രധാന ചികിത്സ നസ്യം ആണ്. പ്രഭാതത്തിലാണ് നസ്യം ചെയ്യുന്നത്. രോഗിയെ രോഗത്തിനനുസരിച്ചുള്ള എണ്ണ പുരട്ടി വിയര്‍പ്പിക്കുകയാണ് ആദ്യം. എന്നിട്ട് മൂക്കിലൂടെ ഔഷധപ്രയോഗം നടത്തുന്നു. നസ്യം കൂടാതെ ശിരോവസ്തി, ശിരോധാര തുടങ്ങിയ ചികിത്സാ ക്രമങ്ങളും നടത്താറുണ്ട്. ആയുര്‍വേദം ആദ്യം ചെയ്യുക രോഗകാരണം കണ്ടെത്തി അത് ഒഴിവാക്കുകയാണ്. രോഗകാരണങ്ങള്‍ ഉപേക്ഷിച്ചിട്ടും മാറാത്തവയ്ക്കാണ് ദോഷാനുസരേണ ചികിത്സ നടത്തുന്നത്.
മൂത്രാശയ കല്ലുകള്‍.
കല്ലുരുക്കി എന്ന പച്ചമരുന്ന് അതിരാവിലെ പച്ചയായി അരച്ചുകലക്കി കഴിച്ചാല്‍ മൂത്രാശയകല്ലുകള്‍ക്ക് ആശ്വാസം കാണുന്നു. കല്ലൂര്‍വഞ്ചി എന്ന മരുന്ന് കഷായം വെച്ചും ഈ മരുന്നിട്ട് വെള്ളം തിളപ്പിച്ചും സ്ഥിരമായി കുടിക്കുന്നത് ആശ്വാസകരമാണ്. ഇളനീര്‍ വെള്ളത്തില്‍ രാത്രി ഏലത്തരി പൊടിച്ചു ചേര്‍ത്ത് രാവിലെ കുടിക്കുന്നതും നല്ലതാണ്. വിരതരാദി കഷായം, കന്മദ ഭസ്മം മുതലായവ വിദഗ്ദ നിര്‍ദേശത്തില്‍ സേവിക്കാവുന്നതാണ്. വാതഹരങ്ങളായ തൈലങ്ങള്‍ പുരട്ടി വിയര്‍പ്പിക്കുന്നത് ഇതിന്റെ വേദന കുറയ്ക്കുവാനും മൂത്രം പോകുന്നതിനും ഉപകരിക്കും. ആയുര്‍വേദത്തില്‍ ഈ രോഗത്തിനെ അശ്മരി എന്നാണ് പറയുന്നത്. നാലു തരത്തിലുള്ള അശ്മരി രോഗമുണ്ട്. വാതാശ്മരി, പിത്താശ്മരി, കഫാശ്മരി, ശുക്ലാശ്മരി എന്നിങ്ങനെയാണിവ. കുടിക്കുന്ന വെള്ളത്തില്‍ കാല്‍സ്യത്തിന്റെ അളവു കൂടുതലാകുന്നതാണ് മൂത്രാശയ രോഗത്തിന് പ്രധാന കാരണം. വെള്ളം കുടിക്കുന്നത് കുറവായിരിക്കുക, വിയര്‍പ്പു രൂപത്തില്‍ വെള്ളം ശരീരത്തില്‍ നിന്ന് ധാരാളമായി പോകുക എന്നീ കാരണങ്ങളാല്‍ മൂത്രാശയത്തിലെത്തുന്ന ജലാംശം കുറയുന്നതും മറ്റൊരു കാരണമാണ്. കാല്‍സ്യം കാര്‍ബണേറ്റ്, ഫോസ്ഫേറ്റ്, യൂറിക് ആസിഡ് എന്നിവ ചേര്‍ന്നതാണ് സാധാരണ ഈ കല്ലുകള്‍.
വായുശമനത്തിന്
വായുവിന്റെ പ്രധാനസ്ഥാനങ്ങളിലൊന്നാണ് ചെവി. വായുവിന് ശമനമുണ്ടാകാന്‍ ചെവിയില്‍ എണ്ണ വീഴ്ത്തി ശീലിക്കേണ്ടതാണ്. രോഗാവസ്ഥയില്‍ വൈദ്യ നിര്‍ദ്ദേശപ്രകാരവും രോഗമില്ലാത്ത അവസ്ഥയില്‍ നിത്യേന തേച്ചുകുളിക്കുമ്പോഴും ചെവിയില്‍ എണ്ണ വീഴ്ത്തി ശീലിക്കാം. സഹിക്കാവുന്ന ചൂടോടെ എണ്ണ ഓരോ ചെവിയിലും നിറക്കുകയും 10-15 മിനിറ്റ് അതേപടി വയ്ക്കുകയുമാണ് വേണ്ടത്. പിന്നീട് ഒരു തിരികൊണ്ട് തുടച്ച് എണ്ണ എടുത്തു കളയണം. കര്‍ണ്ണരോഗങ്ങള്‍ അകറ്റാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന മറ്റൊരു ചികിത്സാക്രമമാണ് പുക കൊള്ളിക്കല്‍. കുരുമുളക് പൊടി കനലില്‍ വിതറിയുണ്ടാകുന്ന പുക ഒരു ചോര്‍പ്പിലൂടെയോ പേപ്പര്‍ കോട്ടിയുണ്ടാക്കിയ കുഴലിലൂടെയോ ചെവിയിലെത്തിച്ചാല്‍ ചെവിവേദനയും ചെവിയിലെ ദുര്‍ഗന്ധവും ശമിക്കും. ഗുല്‍ഗുലു, കുന്തിരിക്കം, തുളസിയില തുടങ്ങിയവ നെയ്യ് ചേര്‍ത്തോ, വേപ്പെണ്ണ ചേര്‍ത്തോ പുകച്ചും ചെവിയില്‍ കൊള്ളിക്കാവുന്നതാണ്. കേള്‍വിക്കുറവിനും ചെവിയിലെ മൂളല്‍ അകറ്റുന്നതിനും എള്ള്, ചെറുപയര്‍, കായം, ഏലത്തരി ഇവ കടുകെണ്ണയില്‍ കുഴച്ചു പുകയ്ക്കുന്ന ചികിത്സ ദിവസം 3-4 തവണ ചെയ്യണം.
ജ്വരം- രോഗമായും രോഗലക്ഷണമായും
ജ്വരം ഒരു വ്യാധിയായും മറ്റു വ്യാധികളുടെ ലക്ഷണമായും പ്രത്യക്ഷപ്പെടാമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. മറ്റു വ്യാധികള്‍ മൂലമാണു ജ്വരമെങ്കില്‍ യഥാര്‍ത്ഥ രോഗം ഏതെന്നു നിര്‍ണയിക്കണം. മുത്തങ്ങയും പര്‍പ്പടകപ്പുല്ലും കഷായമായി നല്‍കുന്നതാണ് ജ്വരത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ ഔഷധം. വാതവുമായി ബന്ധപ്പെട്ട ജ്വരങ്ങളില്‍ അമൃതു ചേര്‍ന്ന കഷായങ്ങളും പിത്തജന്യമായ ജ്വരങ്ങളില്‍ മധുരശീതഗുണങ്ങളോടുകൂടിയ കഷായങ്ങളും കഫം മൂലമുണ്ടാകുന്ന ജ്വരത്തിന് തിക്തരസത്തോടുകൂടിയ കഷായങ്ങളും ഹിതകരമാണ്. ജ്വരത്തിന്റെ തീവ്രതയും അനുബന്ധവികാരങ്ങളും പരിശോധിച്ച ശേഷമാണ് ചികിത്സ നിശ്ചയിക്കുക.
വാതജ്വരത്തില്‍ ഗളുച്യാദികഷായം, കിരാതതിക്താകാദി കഷായം എന്നിവയും പിത്തജ്വരത്തില്‍ ദ്രാക്ഷാദികഷായം പര്‍പ്പടകപ്പുല്ലു കഷായം എന്നിവയും കഫജ്വരത്തില്‍ പാര്‍ങ്യാദി കഷായം എന്നിവയും നല്‍കുന്നു. ഇവയോടൊപ്പം സര്‍വജ്വരഹരമായി കടുക്ക, നെല്ലിക്ക, തിപ്പലി, കൊടുവേലി, ഇവ കൊണ്ടുള്ള കഷായവും നല്‍കണമെന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്. കഷായം കുടിക്കാന്‍ പല രോഗികള്‍ക്കും ബുദ്ധിമുട്ടായതിനാല്‍, അരിഷ്ടങ്ങളും ഗുളികകളും ചേര്‍ത്തുള്ള മിശ്രിതങ്ങള്‍ നല്‍കാവുന്നതാണ്.
ദ്രാക്ഷാരിഷ്ടം, അമൃതാരിഷ്ടം, സുദര്‍ശനാരിഷ്ടം ഇവ പ്രയോജനപ്രദമാണ്. സൂര്യപ്രഭാഗുളിക, ആരോഗ്യവര്‍ദ്ധിനി ഗുളിക ഇവ ചേര്‍ത്തുള്ള ഔഷധപ്രയോഗങ്ങളും ജ്വരം അകറ്റാന്‍ ഉപകരിക്കും. തളം വെയ്ക്കുക, തുണി നനച്ചിടുക എന്നിവ ശരീരത്തിന്റെ ചൂടുകുറയ്ക്കാന്‍ ചെയ്യാവുന്നതാണ്. ഭക്ഷണം കുറയ്ക്കുന്നതാണ് നല്ലത്. രോഗിക്ക് വിശപ്പനുഭവപ്പെടുന്നതനുസരിച്ച് ഔഷധങ്ങളിട്ടു പാകപ്പെടുത്തിയ കഞ്ഞി നല്കാം.
|