പശുക്കളുടെ ആരോഗ്യ ലക്ഷണങ്ങള്‍
രോമാവരണം - ആരോഗ്യമുള്ള ഉരുക്കളുടെ രോമം തിളക്കവും മിനുസവുമുള്ളതായിരിക്കും. വിരബാധയുള്ളപ്പോള്‍ രോമം പരുപരുത്തിരിക്കും. ശരീരോഷ്മാവ് കൂടുതലാണെങ്കില്‍ പശുക്കളുടെ രോമം എഴുന്നേറ്റു നില്‍ക്കുന്നതായി കാണാം. കണ്ണുകള്‍ - തിളക്കമുള്ള കണ്ണുകള്‍ ആരോഗ്യലക്ഷണമാണ്. കണ്ണുകളിലെ നിറമാറ്റം, കണ്ണുനീര്‍വാര്‍ച്ച, കണ്ണുകള്‍ ചെറുതായി കുഴിഞ്ഞ് കാണുക എന്നിവ രോഗലക്ഷണങ്ങളാണ്. വിരബാധയുള്ളപ്പോള്‍ രക്തക്കുറവുകൊണ്ട് കണ്ണിലെ ശ്ലേഷ്മതരം വിളറി വെളുത്തിരിക്കും. മഞ്ഞപ്പിത്തമുള്ളപ്പോള്‍ ശ്ലേഷ്മതരം മഞ്ഞനിറത്തില്‍ കാണപ്പെടും. മൂക്ക് - എപ്പോഴും നനവുള്ള മൂക്ക് ആരോഗ്യ ലക്ഷണമാണ്. വരണ്ടുണങ്ങിയ മൂക്ക് പനിയുടെ ലക്ഷണവും. മൂക്കില്‍ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുന്നത് അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഗുരുതരമായ വിരബാധയുടെ സൂചനയാണ്. ശരീരതാപനില - പ്രായപൂര്‍ത്തിയായ ഒരു പശുവിന്റെ ശരീരോഷ്മാവ് 101.6 ഡിഗ്രി ഫാരന്‍ഹീറ്റാണ്. രോഗാവസ്ഥയില്‍ ഊഷ്മാവ് വര്‍ധിക്കാനിടയുണ്ട്. ശ്വസന നിരക്ക് - ആരോഗ്യമുള്ള പശുവിന്റെ ശ്വസന നിരക്ക് മിനിട്ടില്‍ 18-28 വരെയാണ്. നിരക്കിലെ വ്യതിയാനം, ശ്വാസംമുട്ടല്‍, ശ്വാസം വിടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എന്നിവ രോഗാവസ്ഥയെ കാണിക്കുന്നു. നാഡിമിടിപ്പ് - മിനിട്ടില്‍ 50-60 ആണ് സാധാരണ നാടിമിടിപ്പ് നിരക്ക്. ഇതിലെ വ്യത്യാസവും രോഗസൂചനയാണ്.അയവെട്ടല്‍ - പശുവിന്റെ അയവെട്ടല്‍ മിനിട്ടില്‍ 2-3 പ്രാവശ്യമാണ്. ദഹനം തടസ്സപ്പെട്ടാല്‍ അയവെട്ടലും നിലക്കും. ചാണകം - അര്‍ധ ഖരാവസ്ഥയിലുള്ള ചാണകം പശുവിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഉണങ്ങിയതോ അയഞ്ഞതോ കറുത്തതോ ആയ ചാണകം കഫമോ രക്തം കലര്‍ന്നതോ ആയ ചാണകം എന്നിവ രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. രക്തം കലര്‍ന്ന ചാണകം കണ്ടാല്‍ വിരബാധ സംശയിക്കാം. മൂത്രം - ആരോഗ്യമുള്ള പശുവിന്റെ മൂത്രം ഇളം മഞ്ഞനിറമായിരിക്കും. കട്ടന്‍കാപ്പി നിറവും ചുവപ്പ്, കടും മഞ്ഞനിറങ്ങളും രോഗലക്ഷണങ്ങളാണ്. പാല്‍ - പാലിന്റെ അളവ് പെട്ടെന്ന് കുറയുക, നിറവ്യത്യാസം കാണുക എന്നിവ അകിടുവീക്കത്തിന്റെ ആദ്യലക്ഷണങ്ങളാണ്. അകിട് - അകിടിലെ കല്ലിപ്പും വ്രണങ്ങളും മുറിവുകളും രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. തൂങ്ങിയ വയര്‍, പിന്‍ കാവുകള്‍ക്ക് ശേഷിക്കുറവ്, നടത്തത്തിലുള്ള അപാകത, തലകുനിച്ച് കൂട്ടത്തില്‍ നിന്നു മാറി നില്‍ക്കുക, സദാസമയവും ക്ഷീണം കാണിച്ച് കിടക്കുക, കിടന്നാല്‍ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ആരോഗ്യക്കുറവിന്റെയും രോഗത്തിന്റെയും ലക്ഷണങ്ങളാണ്. | |
Posted by : admin, 2014 Oct 02 05:10:11 pm |