2014 Oct 02 | View Count: 644

സസ്യങ്ങളെ കീഴടക്കുന്ന പലവിധ കുമിള്‍ രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാന്‍ സസ്യങ്ങളില്‍ നിന്നുതന്നെ തയ്യാറാക്കുന്ന ജൈവകുമിള്‍ നാശിനിക്ക് അതിശയകരമായ കഴിവുണ്ട്. 

    വെറ്റിലനീര്

      പച്ചക്കറിക്കൃഷിയില്‍ തക്കാളി, വഴുതന, മുളക്, എന്നിവയില്‍ പ്രത്യേകിച്ചും  ഉണ്ടാകുന്ന കുമിള്‍ രോഗമാണ്ചീച്ചില്‍.   പിത്തിയം അഫാനി ഡെര്‍മേറ്റം എന്ന കുമിളാണ് രോഗഹേതു.  ഈ കുമിളുകളെ നിയന്ത്രിക്കാന്‍ വെറ്റിലനീരിനു കഴിവുണ്ട്.  പച്ചക്കറി വിത്ത് നടുംമുമ്പ് 100 ഗ്രാം വിത്തിന് 20 ഗ്രാം വെറ്റിലയുടെ നീര് 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ചേര്‍ത്ത ലായനിയില്‍ വിത്ത് ആറുമണിക്കൂര്‍ മുക്കിവെച്ചാല്‍ മതി.  ഇപ്രകാരം ചെയ്യുന്നതോടെ വിത്തിനു മുളക്കാനുള്ള കഴിവ് കൂടുകയും ശൈശവവളര്‍ച്ച ശക്തമാകുകയും ചെയ്യും. 

സുബാബൂള്‍ നീര് 

     സുബാബൂള്‍ നീര് അഥവാ പീലിവാക എന്ന ചെടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീരില്‍ അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് മണ്ണു കുതിരത്തക്കവണ്ണം ഒഴിച്ചുകൊടുത്താല്‍ തക്കാളിയുടെ തൈ ചീയല്‍ രോഗം നിയന്ത്രിക്കാം.  ഇതിലടങ്ങിയ മൈമോസിന്‍ എന്ന അമിനോ അമ്ലമാണ് കുമിളുകളുടെ അന്തകനാകുന്നത്.

വെളുത്തുള്ളി ലായനി 

     മൃദുരോമപൂപ്പല്‍ രോഗം, ആന്ത്രാക്നോസ്, എന്ന ഇലപ്പുള്ളി രോഗം എന്നിവ വെള്ളരി, മത്തന്‍, പാവല്‍, പടവലം, കുമ്പളം എന്നിവക്ക് വന്‍ നാശമുണ്ടാക്കാറുണ്ട്.  പത്തുശതമാനം വീര്യത്തില്‍ വെളുത്തുള്ളിനീര് തളിച്ച് ഇത്തരം കുമിള്‍ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം.  ഇതേ വീര്യമുള്ള വെളുത്തുള്ളി ലായനിയില്‍ മേല്‍പ്പറഞ്ഞ പച്ചക്കറിയിനങ്ങളുടെ വിത്ത് കുതിര്‍ത്തശേഷം നട്ടാല്‍ ഘുസേറിയം എന്ന കുമിള്‍ മൂലമുണ്ടാകുന്ന വാട്ടരോഗവും നിയന്ത്രിക്കാം.  വെളുത്തുള്ളി ലായനിയില്‍ അടങ്ങിയിരിക്കുന്ന അലീന്‍ എന്ന ഘടകം വര്‍ധിച്ച അണുനാശനഗുണമുള്ളതാണ്.

ഉങ്ങ്, വേങ്ങ

    പച്ചിലവളമായ ഉങ്ങ്, വേങ്ങ എന്നിവയുടെ ഇലകള്‍ മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കുകമാത്രമല്ല, മണ്ണിലുള്ള പല കുമിള്‍ രോഗാണുക്കളെയും നശിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്.  ഉങ്ങില്‍ അടങ്ങിയ കരാന്‍ജിന്‍എന്ന പദാര്‍ത്ഥവും വേങ്ങയിലെ ടാനിക് ആസിഡുമാണ് അണുബാധയെ ചെറുക്കുന്ന ഘടകങ്ങള്‍.

Posted by : admin, 2014 Oct 02 04:10:44 pm