2015 Jun 04 | View Count: 389

വിനോദനികുതിയില്‍ ക്രമക്കേട് നടന്നെന വാര്‍ത്തയെത്തുടര്‍ന്നു നഗരസഭ നടപടി സ്വീകരിച്ചതോടെ കൊയിലാണ്ടി അമ്പാടി തിയറ്ററില്‍  ‘പ്രേമം’  സിനിമയുടെ പ്രദര്‍ശനം മുടങ്ങി. ക്രമക്കേട് കണ്ടത്തിയതോടെ ഇനി ടിക്കറ്റ് സീല്‍ ചെയ്ത് നല്‍കരുത് എന്ന നഗരസഭാധ്യക്ഷ കെ. ശാന്തയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രദര്‍ശനം തടസപ്പെട്ടത്.  നികുതി വെട്ടിപ്പ്  ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ.ശാന്ത പറഞ്ഞു. എന്നാല്‍ സിഗ്നല്‍തകരാറാണ്  സിനിമ മുടങ്ങാന്‍ കാരണമെന്നാണ്  തിയറ്റര്‍ ഉടമകള്‍  ടിക്കറ്റിനായി നിന്നവരെ അറിയിച്ചത്. വിനോദ നികുതിതട്ടിപ്പ് സംബന്ധിച്ച വാര്‍ത്തയെ  തുടര്‍ന്ന് നഗരസഭാധ്യക്ഷ  കെ.ശാന്തയുടെ നിര്‍ദേശപ്രകാരം അമ്പാടിതിയറ്ററില്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന  നടത്തിയിരുന്നു. ഏതാനും സീറ്റുകള്‍ മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് തിയറ്റര്‍ ഉടമകളെക്കൊണ്ട് കൃത്യമായ നികുതി അടപ്പിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍  വിതരണം ചെയ്ത ടിക്കറ്റിന്റെ കൌണ്ടര്‍ ഫോയില്‍ തിയറ്റര്‍ ഉടമകള്‍ കത്തിച്ചു കളഞ്ഞിട്ടുണ്ട്. സിനിമ കണ്ട ആളുകളുടെ എണ്ണം സംബന്ധിച്ച നിര്‍ണായക തെളിവാണിത്. നഗരസഭാ സൂപ്രണ്ട്, റവന്യു ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതില്‍ നിന്ന് ക്രമക്കേട് വ്യക്തമായിട്ടുണ്ട്. ക്രമക്കേട് തെളിഞ്ഞ സാഹചര്യത്തില്‍ തിയറ്ററിനെതിരെ ശക്തമായ  നടപടി സ്വീകരിക്കാന്‍ നഗരസഭാധ്യക്ഷ  നഗരസഭാസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം നഗരസഭയിലെ ഉദ്യോഗസ്ഥരും കൊയിലാണ്ടിയിലെ തിയറ്റര്‍ ഉടമകളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നു യൂത്ത്കോണ്‍ഗ്രസ് മണ്ഡല്‍;അം പ്രസിഡണ്ട്‌ രജീഷ് വെങ്ങളത്ത് കണ്ടി ആരോപിച്ചു. ലക്ഷങ്ങളുടെ തട്ടിപ്പാണ് പുറത്തുവന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിനു യൂത്ത്കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും രജീഷ് പറഞ്ഞു. നികുതി തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയിലെ സി.പി.എം നേതൃത്വവും നഗരസഭാ സെക്രട്ടറിയും നിലപാട് വ്യക്തമാക്കണമെന്ന് യുവമോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട്‌ അഖില്‍ പന്തലായനി ആവശ്യപ്പെട്ടു.

Posted by : admin, 2015 Jun 04 08:06:21 pm