2015 May 20 | View Count:
406
| കുട്ടികളുടെ ഇഷ്ടവിഭവമാണ് മാഗി ന്യൂഡില്‍സ്. തയ്യാറാക്കാന്‍ എളുപ്പമായതിനാല്‍ വീട്ടമ്മമാര്‍ക്കും ഇത് പ്രിയപ്പെട്ടതാണ്. എന്നാല്‍ മാഗിയില്‍ അനാരോഗ്യകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തല്‍. മാഗി ന്യൂഡില്‍സ് സാമ്പിളുകളില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എം.എസ്.ജി), ലെഡ് എന്നിവ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍. ലഖ്‌നൗ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എസ്.ഡി.എ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാബ് അധികൃതര്‍ ഡല്‍ഹിയിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഉത്തര്‍പ്രദേശില്‍ നിന്ന് ശേഖരിച്ച മാഗി സാമ്പിളിലാണ് എം.എസ്.ജിയും ലെഡും കണ്ടെത്തിയത്. ഇതേതുടര്‍ന്ന് രാജ്യവ്യാപകമായി മാഗി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തണമെന്നും ലാബ് ആവശ്യപ്പെട്ടു.
കൊല്‍ക്കത്തയിലെ റെഫറല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും കുടുതല്‍ അളവില്‍ എം.എസ്.ജിയും ലെഡും കണ്ടെത്തിയതായി എഫ്.എസ്.ഡി.എ അസിസ്റ്റന്റ് കമ്മീഷണര്‍ വിജയ് ബഹാദൂര്‍ സ്ഥിരീകരിച്ചു. യു.പിയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
അതേസമയം മാഗിയില്‍ എം.എസ്.ജി ചേര്‍ക്കാറില്ലെന്ന് മാഗിയുടെ നിര്‍മ്മാതാക്കളായ നെസ്‌ലെ പ്രതികരിച്ചു. മാഗിയില്‍ എം.എസ്.ജിയുടെ സാന്നിധ്യം കണ്ടത്തിയെങ്കില്‍ അത് മറ്റേതെങ്കിലും രീതിയില്‍ വന്നതാകാമെന്നും നെസ്‌ലെ പ്രതികരിച്ചു. ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കാരുന്ന എം.എസ്.ജിയുടെ അളവിനെക്കുറിച്ച് ഇന്ത്യയിലെ ഫുഡ് റെഗുലേറ്റേഴ്‌സ് വ്യക്തമാക്കിയിട്ടില്ല.
ലെഡിന്റെ സാന്നിധ്യം സംബന്ധിച്ച കണ്ടെത്തലിനോടും മാഗി പ്രതികരിച്ചു. ദശലക്ഷത്തില്‍ 0.01 എന്നതാണ് ലെഡിന്റെ അനുവദനീയമായ അളവ്. എന്നാല്‍ മാഗിയില്‍ ദശലക്ഷത്തില്‍ പതിനേഴ് എന്ന അളവിലാണ് ലെഡിന്റെ അംശം കണ്ടെത്തിയത്. ഇത് അടിസ്ഥാനരഹിതമായ കണ്ടെത്തലാണെന്നും മാഗിയില്‍ അനുവദനീയമായ അളവില്‍ മാത്രമേ ലെഡിന്റെ സാന്നിധ്യമുള്ളൂ എന്നും നെസ്‌ലെ വക്താവ് കൂട്ടിച്ചേര്‍ത്തു.
|
| Posted by : admin, 2015 May 20 09:05:48 pm |