2015 May 20 | View Count: 524

കേരളത്തിൽ മിന്നൽ സാധ്യതയിൽ മുന്നിലുള്ള ജില്ലകൾ കോഴിക്കോടും, കൊല്ലവും. ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനത്തിലാണ് കേരളത്തിൽ ശക്തമായ മിന്നൽ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള ഈ വിവരം. കോഴിക്കോട്ട് ഏട്ടും കൊല്ലത്ത് ഏഴും വില്ലേജുകൾ ശക്തമായ മിന്നലിന് സാധ്യതയുള്ള പ്രദേശങ്ങളാണെന്നാണ് കണ്ടെത്തൽ. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലാണ് ശക്തമായ മിന്നലിന് സാധ്യതയുള്ള സ്ഥലങ്ങളെല്ലാം. കൊല്ലത്ത് കൊട്ടാരക്കര താലൂക്കിലും. പ്രകൃതി ദുരന്തങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ ന‌ടത്തുന്നതിന്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ റവന്യൂവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പഠനം. മിന്നൽ കൂടാതെ ഭൂകമ്പ സാധ്യതയും, വെള്ളപ്പൊക്ക സാധ്യതയും അതോറിറ്റി പഠന വിധേയമാക്കി. പാലക്കാടാണ് കേരളത്തിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്.

ശക്തമായ മിന്നലിനു സാധ്യതയുള്ള സ്ഥലങ്ങൾ

കോഴിക്കോ‌ട് കൊയിലാണ്ടി താലൂക്കിലെ മേപ്പയൂർ വില്ലേജ്, ചെറുവണ്ണൂർ, എരവട്ടൂർ, നൊച്ചാട്, കൂത്താളി, മേഞ്ഞാന്യം, പാലേരി, ചങ്ങരോത്ത്, വടകര താലൂക്കിലെ വേളം.
കണ്ണൂരിലെ‌ കാഞ്ഞിരോട്
നെയ്യാറ്റിൻകരയിലെ അമ്പൂരി
കൊല്ലത്ത് കരുനാഗപ്പള്ളി, ഓച്ചിറ, കൊട്ടാരക്കരയിലെ ഇട്ടിവ, ക‌ടയ്ക്കൽ, ചിതറ, മാങ്ങോ‌ട്, കുമ്മിൾ
പത്തനംതിട്ടയിലെ റാന്നി, അങ്ങാടി, പഴവങ്ങാടി

ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പല രംഗത്തുമുള്ള സാമ്യം പോലെ കേരളത്തിനൊപ്പം ബംഗാളാണ് മിന്നൽ പട്ടികയിൽ മുൻനിരയിൽ. രാജ്യത്തിന്റെ മിന്നൽ ഭൂപടത്തിൽ പിന്നീടെത്തുന്നത് ജമ്മു കശ്മീരാണ്. മിന്നലിനെ ശാസ്ത്രീയമായി രണ്ടായി വേർതിരിച്ചിട്ടുണ്ട്. മേഘങ്ങൾക്കിടയിൽ സംഭവിക്കുന്നതും മേഘത്തിനും ഭൂമിക്കുമിടയിൽ സംഭവിക്കുന്നതും. വൈദ്യുതിപ്രവാഹം മേഘങ്ങൾക്കിടയിൽ പ്രവഹിക്കുന്നതു നമുക്കു ദോഷം ചെയ്യില്ല.

എന്നാൽ മേഘങ്ങളിൽ നിന്ന് ഈ പ്രവാഹം ഭൂമിയിലേക്കാണു സഞ്ചരിക്കുന്നതെങ്കിൽ അപകടഭീഷണിയുണ്ടാകുന്നു. ഭൂമിയിലേക്കു പതിക്കുന്നതിന്റെ മുപ്പതിരട്ടിയോളം മിന്നലുകൾ മേഘങ്ങൾക്കിടയിലാണു സംഭവിക്കുന്നതെന്നതാണ് ആശ്വാസകരമായ വസ്തുത. ഇടിയും മിന്നലും ഏറ്റവുമധികം ഉണ്ടാകുന്നത് ഏപ്രിൽ, മേയ് മാസങ്ങളിലാണ്. മിന്നലേറ്റ് മനുഷ്യജീവന് അപകടവും വൈദ്യുതി ഉപകരണങ്ങൾക്കു തകരാറും സംഭവിക്കാം. ചെറിയ ശ്രദ്ധവച്ചാൽ ഇടിമിന്നലിൽനിന്നു വീട്ടുപകരണങ്ങൾ രക്ഷപ്പെടുത്താം.

മിന്നലുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.....

ശക്തമായ ഇടിമിന്നലുള്ളപ്പോൾ എല്ലാ ലോഹവസ്തുക്കളും ശരീരത്തിൽനിന്നു നീക്കം ചെയ്യുക
മുറിയിലെ മറ്റു ലോഹവസ്തുക്കളിൽ സ്പർശിക്കാതെയും ശ്രദ്ധിക്കുക.
ഇലക്ട്രിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാതിരിക്കുക.
ഫോണിന്റെ റിസീവർ കൈകൊണ്ടു സ്പർശിക്കാതിരിക്കുക.
മിന്നലുള്ളപ്പോൾ പുഴയിലോ ജലാശയങ്ങളിലോ ഇറങ്ങുന്നതും കുളിക്കുന്നതും അപകടകരമാണ്.
ടിവിയുടെ ആന്റിന, ഡിഷ്, കേബിൾ എന്നീ കണക്ഷനുകൾ വിച്ഛേദിക്കുക.
ഇലക്ട്രിക് വയർ, ഇരുമ്പ് ഗേറ്റ്, മെഷീനുകൾ, മോട്ടോറുകൾ എന്നിവയുടെ സാമീപ്യം ഒഴിവാക്കാം.
വാഷിങ് മെഷിൻ, ഇസ്തിരിപ്പെട്ടി, ടിവി, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്ൻ, മ്യൂസിക് സിസ്റ്റം, എസി തുടങ്ങിയ ഇലക്ട്രോണിക്, വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കരുത്.
കഴിയുമെങ്കിൽ ഇലക്ട്രിക് മെയിൻ സ്വിച്ച് ഓഫ് ചെയ്യുക.
മൊബൈൽ ഫോൺ ഉൾപ്പെടെ ലോഹനിർമിതമായ ഏതൊരു വസ്തുവും അപകടകാരിയാണ്.
ടാപ്പുകൾ തുറക്കുന്നതും ഒഴിവാക്കണം. ചുമരുകളിൽ ചാരിയിരിക്കരുത്.
ബസ്,കാർ, ട്രെയിൻ എന്നിവയുടെ ഇരുമ്പ് വാതിലിലോ ജനലിലോ പിടിച്ച് നിന്ന് യാത്ര ചെയ്യരുത്.
ശക്തമായ ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലത്തോ വൃക്ഷത്തിന്റെ ചുവട്ടിലോ നിൽക്കാതിരിക്കുക.
ഇടിമിന്നലുള്ളപ്പോൾ മുറിക്കകത്ത് ഇരിക്കുന്നതുതന്നെയാണ് ഏറ്റവും സുരക്ഷിതം.
കാറിൽ യാത്ര ചെയ്യുകയാണെങ്കിൽ അതിനകത്തുതന്നെയിരിക്കുന്നതായിരിക്കും സുരക്ഷിതം. കാറിന്റെ ടയറുകൾ നിങ്ങൾക്ക് രക്ഷ നൽകും.
തുറന്ന സ്ഥലങ്ങളിൽ നിൽക്കുമ്പോൾ മിന്നലുണ്ടായാൽ നിലത്തു കമിഴ്ന്നു കിടക്കുകയാണ് രക്ഷാമാർഗം.

Posted by : admin, 2015 May 20 09:05:16 pm