| ഗ്രാമകാഴ്ചകൾ വർണങ്ങളിൽ ചാലിച്ച് ബാലുശ്ശേരി ഫൈൻ ആർട്സ് കോളേജിലെ നൂറു വിദ്യാർത്ഥികൾ ഒരുക്കിയ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കോഴിക്കോട് ലളിത കലാ അക്കാഡമിയിലാണ് 'ജലസ്പർശം" എന്നപേരിൽ ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. ഗ്രാമീണതയുടെ തുടിപ്പും സമകാലിക വിഷയങ്ങളും കുഞ്ഞുമനസ്സുകളുടെ നിത്യകാഴ്ചകളുമെല്ലാമാണ് ഈ കലാകാരൻമാർ ക്യാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്. മൂന്നു വയസ്സു മുതലുള്ള കലാകാരൻമാരും കലാകാരികളും വരച്ച 110 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
ഫൈൻആർട്സ് അക്കാഡമിയുടെ 15ാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്രപ്രദർശനം നടത്തുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ നാലുവർഷം തുടർച്ചയായി ഒന്നാംസ്ഥാനവും വിവിധ മത്സരങ്ങളിൽ 38 സ്വർണമെഡലുകളും നേടിയ അക്ഷയ് സഞ്ജീവ്, കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ ദേശീയതല മത്സരത്തിൽ ഒന്നാംസ്ഥാനക്കാരിയായ ഡി.പി. ഉണ്ണിമായ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നു വർഷം വിജയം നേടുകയും 18 സ്വർണമെഡലുകൾ സ്വന്തമാക്കുകയും ചെയ്ത ശീതൾ ജെ.എസ്, എൻ.കെ. അഭിഷേക്, ടി.എം. വിഷ്ണുപ്രസാദ്, വിനയ സെബാസ്റ്റ്യൻ, എസ്. വിഘ്നേഷ്, കെ.സി. അക്ഷയ്, പി.പി. അഭയ്, കാവ്യാ മുരളീധരൻ തുടങ്ങിയ പ്രതിഭകളുടെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനതലത്തിൽ പുറത്തിറക്കിയ ശിശുദിനസ്റ്റാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഷിക്ക് റഹ്മാൻ (2008), അനു അരവിന്ദ് (2009), ഷംന ജാസ്മിൻ (2010), കെ രാഹുൽ (2011), എന്നിവരുടേതാണ് ചിത്രങ്ങൾ. ചെറുപ്രായത്തിൽ തന്നെ സ്വന്തമായി കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയ അനാമിക തിലക്, കെ.രാഹുൽ എന്നിവരുടെ ക്യാൻവാസ് സൃഷ്ടികളും ഉൾപ്പെടുത്തിയിരിക്കുന്നത് മേളയ്ക്കു മാറ്റു കൂട്ടുന്നു.ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ആർടിസ്റ്റ് മദനൻ നിർവഹിച്ചു. പുരുഷൻകടലുണ്ടി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. യു.കെ.വിജയൻ, ആർടിസ്റ്റ് രാജൻ കടലുണ്ടി, ആർടിസ്റ്റ് ലക്ഷ്മണൻ മാസ്റ്റർ, ദിനചന്ദ്രൻ ഇയ്യാട്, ശ്രീനിവാസൻ ബാലുശ്ശേരി, എം.ജയതിലകൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ കലാകാരൻമാർക്ക് ആശംസകൾ അർപ്പിച്ചു.
|