2015 Feb 20 | View Count: 459

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രം താലൂക്ക് ആസ്​പത്രിയാക്കിയെന്ന് പ്രഖ്യാപിച്ച് 16 മാസമായിട്ടും തുടര്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് ആക്ഷേപം.
പ്രഖ്യാപനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ രൂപപ്പെട്ട ആസ്​പത്രി സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം പന്ത്രണ്ട് ദിവസം പിന്നിട്ടു. മലയോര മേഖല ഉള്‍പ്പെടെ പത്തോളം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണിത്.
പ്രസവ ചികിത്സാരംഗത്തും കുടുംബാസൂത്രണ പരിപാടികളിലും സംസ്ഥാന ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ച സ്ഥാപനമാണിത്. നിലവില്‍ നൂറിലേറെ രോഗികളെ കിടത്തി ച്ചികിത്സിക്കാനും എക്‌സ്‌റേ, ലാബ്, ഫാര്‍മസി, പേവാര്‍ഡ്, ആംബുലന്‍സ് എന്നീ സംവിധാനങ്ങളും ഉണ്ട്. എന്നാല്‍, ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഇതുകാരണം കോടിക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങള്‍ നശിക്കുന്നു. 2013 സപ്തംബറിലാണ് താലൂക്ക് ആസ്​പത്രിയാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത്.
24 മണിക്കൂര്‍ സേവനം ലഭ്യമാക്കുക, കാഷ്വാലിറ്റി, മോര്‍ച്ചറി, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉറപ്പ്വരുത്തുക എന്നതാണ് സംരക്ഷണ സമിതിയുടെ ആവശ്യങ്ങള്‍.
ശ്രീധരന്‍ പൊയിലില്‍ (ജനറല്‍ കണ്‍വീനര്‍), ഹാജി മാഹിന്‍ നെരോത്ത് (പ്രസിഡന്റ്), എം.കെ. മനോജ്കുമാര്‍, വി.പി. സുരേന്ദ്രന്‍, സി.കെ. രാഘവന്‍, കൃഷ്ണന്‍കുട്ടിക്കുറുപ്പ്, സുബൈര്‍, നബീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംരക്ഷണ സമിതി രൂപവത്കരിച്ചത്.

Posted by : admin, 2015 Feb 20 07:02:37 am